Skip to content

സ്റ്റീവ് സ്മിത്തിനെ പുറത്താക്കുന്നതെങ്ങനെ, ഇന്ത്യൻ ബൗളർമാർക്ക് സച്ചിന്റെ ഉപദേശം

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കർ. സ്മിത്തിന്റെ ടെക്നിക് മറ്റു ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ ഫോർത്ത് സ്റ്റമ്പിൽ ലൈനിലും ഫിഫ്‌ത് സ്റ്റമ്പ് ലൈനിനിടയിലുമായി ബൗളർമാർ പന്തെറിയണമെന്ന് അടുത്തിടെ നടന്ന അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

” സ്മിത്തിന്റെ ടെക്നിക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ബൗളർമാരോട് ഓഫ് സ്റ്റമ്പിന് പുറത്തോ, ഫോർത് സ്റ്റമ്പ് ലൈനിലോ പന്തെറിയാനാണ് നമ്മൾ ആവശ്യപെടുക. എന്നാൽ സ്മിത്തിന്റെ കാര്യം വ്യത്യസ്തമാണ്. സ്മിത്ത് ക്രീസിൽ ഷഫിൾ ചെയ്യുന്നു. അതുകൊണ്ട് തന്നെ ബൗളർമാർ ഫോർത് സ്റ്റമ്പിനും ഫിഫ്‌തിനും ഇടയിലായി പന്തെറിയണം. ” സച്ചിൻ പറഞ്ഞു.

” ഇന്ത്യൻ ബൗളർമാരുടെ ഷോർട്ട് ബോളുകൾ നേരിടാൻ താൻ തയ്യാറാണെന്ന് സ്മിത്ത് പറഞ്ഞതായി ഞാൻ വായിച്ചു. അതുകൊണ്ട് തന്നെ അവൻ ഷോർട്ട് ബോളുകളാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എനിക്ക് തോന്നുന്നത് സ്മിത്തിനെ ഈ രീതിയിൽ പരീക്ഷിക്കണമെന്നാണ് ” സച്ചിൻ കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡാണ് സ്റ്റീവ് സ്മിത്തിനുള്ളത്. 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 84.06 ശരാശരിയിൽ 7 സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 1429 റൺസ് സ്മിത്ത് ഇന്ത്യയ്ക്കെതിരെ നേടിയിട്ടുണ്ട്.

നവംബർ 27 ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് തുടക്കമാകുന്നത്.

ഡിസംബർ നാലിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബർ 17 നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.