Skip to content

നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല ; ആകാശ് ചോപ്ര

അടുത്ത സീസണ് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ഇംഗ്ലണ്ട് താരങ്ങളായ ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ് എന്നിവരെ മാത്രം രാജസ്ഥാൻ റോയൽസ് നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വലിയ വിലകൊടുത്ത് നിലനിർത്താൻ യോഗ്യതയുള്ള ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ലയെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

” മെഗാ ലേലം നടക്കുകയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ രാജസ്ഥാൻ ജോഫ്രാ ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ എന്നിവരെ നിലനിർത്തണം. മൂന്ന് വിദേശ താരങ്ങളെ നിലനിർത്താൻ സാധിക്കുമോയെന്ന് എനിക്കറിയില്ല, അതിന് സാധിച്ചില്ലെങ്കിൽ RTM കാർഡ് ഉപയോഗിച്ച് അവരെ ടീമിൽ തിരിച്ചെത്തിക്കണം. ” ആകാശ് ചോപ്ര പറഞ്ഞു.

” 7 കോടിയ്ക്കോ 12 കോടിയ്ക്കോ നിലനിർത്താൻ പോന്ന ഇന്ത്യൻ താരങ്ങൾ രാജസ്ഥാൻ റോയൽസിനില്ല, സഞ്ജു സാംസൺ, കാർത്തിക് ത്യാഗി, രാഹുൽ തിവാട്ടിയ, ശ്രേയസ് ഗോപാൽ ഇവരാരും തന്നെ അത്രയും വിലമതിക്കുന്നില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

സ്റ്റീവ് സ്മിത്ത് മികച്ച ക്യാപ്റ്റനാണെങ്കിലും രാജസ്ഥാൻ റോയൽസിന് സ്മിത്തിന്റെ ക്യാപ്റ്റൻസി ഗുണകരമാകുന്നില്ലയെന്നും അടുത്ത സീസണുകളിൽ അവർ ഇന്ത്യൻ ക്യാപ്റ്റനെ പരിഗണിക്കുമോയെന്ന് കണ്ടറിയണമെന്നും സഞ്ജു സാംസണെ പോലെയുള്ള ഇന്ത്യൻ താരങ്ങളെ ഭാവി സീസണുകൾ മുന്നിൽകണ്ട് ക്യാപ്റ്റനായി പരിഗണിഗണിക്കേണ്ട സമയമായെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

ഈ ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 6 വിജയം മാത്രം നേടിയ രാജസ്ഥാൻ പോയിന്റ് ടേബിളിൽ അവസാന സ്‌ഥനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്.