Skip to content

വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ല ; സുനിൽ ഗവാസ്കർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും കോഹ്ലി കളിക്കുക. പിതൃത്വ അവധി ലഭിച്ചതിനാൽ അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങും. അജിങ്ക്യ രഹാനെയായിരിക്കും തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. കോഹ്ലിയുടെ അഭാവത്തിൽ എല്ലായ്പ്പോഴും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻസി അജിങ്ക്യ രഹാനെയുടെ പ്രകടനത്തിന് ഗുണം ചെയ്യുമെന്നും ഗാവസ്‌കർ പറഞ്ഞു.

” വിരാട് ഇല്ലാതിരുന്നപ്പോൾ എല്ലായ്പ്പോഴും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്, ഓസ്‌ട്രേലിയക്കെതിരായ ധർമശാല ടെസ്റ്റിലും ആയാലും അഫ്ഘാനിസ്ഥാനെതിരായ ടെസ്റ്റിലും നിദാഹസ്‌ ട്രോഫിയിലും 2018 ൽ നടന്ന ഏഷ്യ കപ്പിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു, കോഹ്ലിയുടെ അഭാവത്തിൽ കൂടുതൽ മികച്ച പ്രകടനം മറ്റു താരങ്ങൾ കാഴ്ച്ചവെയ്ക്കുന്നു. കോഹ്ലിയുടെ അഭാവം അങ്ങനെ മാത്രമേ മറികടക്കാൻ സാധിക്കൂവെന്ന് അവർക്കറിയാം ” ഗാവസ്‌കർ പറഞ്ഞു.

” ക്യാപ്റ്റൻസി രഹാനെയ്ക്ക് ഗുണകരമാകും. ക്യാപ്റ്റനാകുന്നതോടെ കൂടുതൽ നിയന്ത്രണവും സുരക്ഷിതത്വവും അവന് ലഭിക്കും, കോഹ്ലിയുടെ അഭാവത്തിൽ ആരാണ് ടീമിനെ നയിക്കേണ്ടതെന്ന് സെലക്ഷൻ കമ്മിറ്റിയ്ക്ക് ഉത്തമബോധ്യമുണ്ട്, ടെസ്റ്റ് ക്യാപ്റ്റനായി മികച്ച പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചിട്ടുള്ളത് ” ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്യാപ്റ്റൻസി പങ്കുവെയക്കുന്നതിലുള്ള ചർച്ചകൾ ഈ പര്യടനത്തിന് ശേഷം മതിയെന്നും ഇപ്പോൾ ഈ പര്യടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല ലോക ക്രിക്കറ്റിന് ഈ പര്യടനം പ്രധാനപ്പെട്ടതാണെന്നും ഗാവസ്‌കർ പറഞ്ഞു.

നവംബർ 27 നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 17 നാണ് 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.