Skip to content

രോഹിത് ശർമ്മയെ ഇന്ത്യൻ ക്യാപ്റ്റനാക്കണോ, തന്റെ അഭിപ്രായം വ്യക്തമാക്കി ഷൊഹൈബ് അക്തർ

ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മയ്ക്ക് തന്റെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഈ ഓസ്‌ട്രേലിയൻ പര്യടനമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ജോലിഭാരം അധികമായെന്ന് തോന്നിയാൽ രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻസി കൈമാറുന്നതിനെ കുറിച്ച് കോഹ്ലി ചിന്തിക്കണമെന്നും അക്തർ പറഞ്ഞു.

” 2010 മുതൽ തുടർച്ചയായ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ്. 70 സെഞ്ചുറിയടക്കം കുന്നോളം റൺസ് അവൻ നേടി. ഇപ്പോൾ മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ഭാരമായി തോന്നിയാൽ ഒരു ഫോർമാറ്റിലെ ക്യാപ്റ്റൻസി രോഹിത് ശർമ്മയ്ക്ക് കൈമാരുന്നതിനെ പറ്റി കോഹ്ലിക്ക് ചിന്തിക്കാവുന്നതാണ്. ഐ പി എല്ലിൽ ആ വിരസത അവനിൽ കാണാമായിരുന്നു, ഒരുപക്ഷേ അത് ഈ സാഹചര്യം മൂലമാകാം എന്തുതന്നെയായാലും ക്യാപ്റ്റൻസി ഏറ്റെടുക്കാൻ രോഹിത് ശർമ്മ തയ്യാറാണ്. ” അക്തർ പറഞ്ഞു.

” രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ്. ഇപ്പോൾ അവന്റെ കഴിവിന്റെ പ്രാധാന്യത്തെ കുറിച്ച് അവൻ മനസിലാക്കി കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ കഴിവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരം ഓസ്‌ട്രേലിയയാണ്. അതവൻ ഇരുകയ്യും നീട്ടി സ്വീകരിക്കണം. ടീമിനെ നയിക്കാനുള്ള കഴിവും പ്രാപ്തിയും അവനുണ്ട്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് ശർമ്മയെ ലോകം ഉറ്റുനോക്കുകയാണ്. മികച്ച പ്രകടനം ടീമിനും അവനും വേണ്ടി പുറത്തെടുത്താൽ ക്യാപ്റ്റൻസി പങ്കുവെയ്ക്കുന്നതിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെയ്ക്കും ” അക്തർ കൂട്ടിച്ചേർത്തു.

ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയെങ്കിലും ടെസ്റ്റ് പരമ്പര സ്വാന്തമാക്കാൻ വീണ്ടും ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഡേ നൈറ്റ് ടെസ്റ്റായിരിക്കും ഇന്ത്യയ്ക്ക് ഏറ്റവുമധികം വെല്ലുവിളിയെന്നും അക്തർ പറഞ്ഞു.