Skip to content

എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അടുത്ത സീസണിന് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ക്യാപ്റ്റൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ധോണിയെ നിലനിർത്തുകയാണെങ്കിൽ 15 കോടി ടീമിന് നഷ്ടമാകുമെന്നും ലേലത്തിൽ വിട്ട് റൈറ്റ് ടൂ മാച്ച് കാർഡ് (RTM) ഉപയോഗിച്ച് ധോണിയെ കുറഞ്ഞ വിലയിൽ ചെന്നൈ സ്വന്തമാക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

” ലേലത്തിന് മുൻപായി ധോണിയെ നിലനിർത്തണമെങ്കിൽ 15 കോടി നിങ്ങൾ നൽകേണ്ടി വരും. എന്നാൽ അടുത്ത സീസണിൽ കൂടി മാത്രമായിരിക്കും അദ്ദേഹം കളിക്കുക. 2022 ൽ ആ 15 കോടി നിങ്ങൾക്ക് തിരികെ ലഭിക്കും എന്നാൽ 15 കോടി വിലമതിക്കുന്ന താരങ്ങളെ പിന്നീട് ലഭിക്കുമോ, അതാണ് മെഗാ ലേലത്തിന്റെ നേട്ടം. കൂടുതൽ തുകയുണ്ടെങ്കിൽ മികച്ച ടീമിനെ നേടാൻ നിങ്ങൾക്ക് സാധിക്കും. ധോണിയെ റിലീസ് ചെയ്താൽ ലേലത്തിൽ Rtm ഉപയോഗിച്ച് അദ്ദേഹത്തെ തിരികെ ടീമിലെത്തിക്കാം.

കൂടാതെ കൂടുതൽ തുക കൈവശം ഉള്ളതിനാൽ മികച്ച താരങ്ങളെയും സ്വന്തമാക്കാം. ധോണിയെ റിലീസ് ചെയ്ത് ലേലത്തിലൂടെ സ്വന്തമാക്കാക്കുകയാണെങ്കിൽ അത് ടീമിന് വളരെയധികം ഗുണകരമാകും. ” ആകാശ് ചോപ്ര പറഞ്ഞു.

നിലവിലുളള എട്ട് ടീമുകളിൽ മെഗാ ലേലം വേണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് ആയിരിക്കുമെന്നും ഹർഭജൻ സിങ്, സുരേഷ് റെയ്‌ന പോലെയുള്ള താരങ്ങളെ ചെന്നൈ പരിഗണിച്ചേക്കില്ലയെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.