Skip to content

ഈ ഐ പി എൽ സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് വീരേന്ദർ സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ നിരാശപ്പെടുത്തിയ 5 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സീസണിൽ നിരാശപ്പെടുത്തിയ 5 വമ്പൻ താരങ്ങളെ സെവാഗ് തിരഞ്ഞെടുത്തത്.

ഏറെ പ്രതീക്ഷയോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെത്തിയ നിലവിലെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെയുമാണ് നിരാശപ്പെടുത്തിയ താരങ്ങളുടെ പട്ടികയിലേക്ക് സെവാഗ് ആദ്യമായി തിരഞ്ഞെടുത്തത്.

ബാംഗ്ലൂരിന്റെ ശാപം ഫിഞ്ചിന്റെ ബാറ്റിങിനെയും സാരമായി ബാധിച്ചുവെന്നും റസ്സൽ ഈ സീസണിൽ മടിയനായാണ് കാണപ്പെട്ടതെന്നും അതുകൊണ്ട് തന്നെ കൊൽക്കത്തയ്ക്ക് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലയെന്നും സെവാഗ് പറഞ്ഞു.

ലേലത്തിൽ 10 കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ്‌ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൻ, ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ എന്നിവരാണ് സീസണിൽ നിരാശപ്പെടുത്തിയവരുടെ പട്ടികയിൽ സെവാഗ് തിരഞ്ഞെടുത്ത മറ്റുതാരങ്ങൾ.

ഗ്ലെൻ മാക്‌സ്‌വെൽ സീസണിൽ ചിയർ ലീഡർ മാത്രമായിരുന്നുവെന്നും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഷെയ്ൻ വാട്സണ് ഈ സീസണിൽ സാധിച്ചില്ലയെന്നും ഡെയ്ൽ സ്റ്റെയ്നെ ഒരുപക്ഷേ അടുത്ത സീസണിൽ ആവശ്യക്കാർ ഉണ്ടായിരിക്കില്ലയെന്നും വീഡിയോയിൽ സെവാഗ് പറഞ്ഞു.