Skip to content

വിരാട് കോഹ്ലിയുടെ ആ തീരുമാനം എന്നെ അത്ഭുതപെടുത്തി, സച്ചിൻ ടെണ്ടുൽക്കർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് സച്ചിൻ ടെണ്ടുൽക്കർ. അത് വ്യത്യസ്തമായ തന്ത്രമായിരുന്നുവെന്നും എന്നാൽ അത് വിജയിച്ചില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ മത്സരം വിലയിരുത്തവേ സച്ചിൻ പറഞ്ഞു.

കഴിഞ്ഞ സീസണുകളിൽ ബാംഗ്ലൂരിന് വേണ്ടി ഓപ്പണറായി ഇറങ്ങിയിരുന്ന കോഹ്ലി ഈ സീസണിൽ മൂന്നാമനായാണ് ബാറ്റിങിനിറങ്ങിയത്.

” ഹോൾഡറുടെ ഓപ്പണിങ് സ്പെൽ മികവുറ്റതായിരുന്നു. ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനുള്ള കോഹ്ലിയുടെ തീരുമാനം എന്നെ അത്ഭുതപെടുത്തി, അത് വ്യത്യസ്തമായൊരു തന്ത്രമായിരുന്നു എന്നാലത് വിജയിച്ചില്ല. ഹോൾഡറെ പോസിറ്റീവായാണ് കോഹ്ലി നേരിട്ടത്. എന്നാൽ വളരെ ഉയരമുള്ള ഹോൾഡർക്ക് മറ്റു ബൗളർമാരെക്കാൾ ബൗൺസ് ലഭിക്കും. ഹോൾഡർക്ക് ലഭിച്ച ആ ബൗൺസിൽ കോഹ്ലി വീണു. ഉടനെ തന്നെ ദേവ്ദത് പടിക്കലിന്റെ വിക്കറ്റ് നേടാനും ഹോൾഡർക്ക് സാധിച്ചു. രണ്ട് വമ്പൻ താരങ്ങളുടെ വിക്കറ്റാണ് ഹോൾഡർ നേടിയത്. കാരണം എ ബി ഡിവില്ലിയേഴ്സിനൊപ്പം ദേവ്ദത് പടിക്കലും വിരാട് കോഹ്ലിയുമായിരുന്നു ഈ സീസണിൽ ബാംഗ്ലൂരിന്റെ നെടുംതൂണുകൾ. അതുകൊണ്ട് ആ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹോൾഡറുടെ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. “സച്ചിൻ പറഞ്ഞു.

15 മത്സരങ്ങളിൽ നിന്നും 5 ഫിഫ്റ്റിയടക്കം 473 റൺസ് നേടിയ ദേവ്ദത് പടിക്കലാണ് സീസണിൽ ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറർ. വിരാട് കോഹ്ലി 466 റൺസ് നേടിയപ്പോൾ എ ബി ഡിവില്ലിയേഴ്സ് 454 റൺസ് നേടി.

സീസണിലെ ആദ്യ 10 മത്സരങ്ങളിൽ നിന്നും 7 വിജയം നേടിയ ബാംഗ്ലൂരിന് പിന്നീട് കളിച്ച 5 മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചില്ല.

എലിമിനേറ്ററിൽ 6 വിക്കറ്റിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ പരാജയപെടുത്തിയത്.