Skip to content

എം എസ് ധോണിയാകാൻ ഒരിക്കലും റിഷാബ് പന്തിന് സാധിക്കുകയില്ല, ഗൗതം ഗംഭീർ

അടുത്ത എം എസ് ധോണിയാകാൻ റിഷാബ് പന്ത് ശ്രമിക്കരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പന്തിനെ എം എസ് ധോണിയുടെ താരതമ്യം ചെയ്യുന്നത് മാധ്യമപ്രവർത്തകർ അവസാനിപ്പിക്കണമെന്നും വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” റിഷാബ് പന്തിനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യുന്നത് നിങ്ങൾ അവസാനിപ്പിക്കണം. കാരണം ഓരോ തവണ മീഡിയ അത് ചർച്ച ചെയ്യുമ്പോഴും അവനതിനെ പറ്റി കൂടുതൽ ചിന്തിക്കും. ഒരിക്കലും എം എസ് ധോണിയാകാൻ അവന് സാധിക്കില്ല. അവൻ റിഷാബ് പന്ത് ആവുകയാണ് വേണ്ടത്. സിക്സുകൾ നേടാൻ കഴിവുള്ളത് കൊണ്ട് മാത്രമാണ് ആളുകൾ എം എസ് ധോണിയുമായി അവനെ താരതമ്യം ചെയ്യുന്നത്. ” ഗൗതം ഗംഭീർ പറഞ്ഞു.

” റിഷാബ് പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും വിക്കറ്റ് കീപ്പിങിൽ. ബൗളർമാർ ഒരുപാട് സ്മാർട്ട് ആയിക്കൊണ്ടിരിക്കുകയാണ് അവർ ഓഫ് സ്റ്റമ്പിന് വെളിയിലായി പന്തെറിയാൻ തുടങ്ങിയിരിക്കുന്നു, അതുകൊണ്ടാണ് അവൻ വിക്കറ്റ് കീപ്പിങിൽ ബുദ്ധിമുട്ടിയത്. അതുകൊണ്ട് തന്നെ എം എസ് ധോണിയെ പോലെയൊരു താരവുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 2 സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പന്തിന് ആ മികവ് ഈ സീസണിൽ പുറത്തെടുക്കാൻ സാധിച്ചില്ല. 12 മത്സരങ്ങളിൽ നിന്നും 109.61 സ്‌ട്രൈക്ക് റേറ്റിൽ 285 റൺസ് നേടിയ പന്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 38 ആണ്.