Skip to content

സ്പിന്നർമാരെ നേരിടുമ്പോൾ പോലും ബാറ്റ്‌സ്മാന്മാർ ഹെൽമെറ്റ്‌ ഉപയോഗിക്കണം, കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

പ്രൊഫഷണൽ ക്രിക്കറ്റിൽ ഏതൊരു ബൗളറെ നേരിടുമ്പോഴും ബാറ്റ്‌സ്മാന്മാർക്ക് ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. സൺറൈസേഴ്‌സ് കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ സിംഗിൾ ഓടുന്നതിനിടയിൽ സൺറൈസേഴ്‌സ് ബാറ്റ്‌സ്മാൻ വിജയ് ശങ്കറിന്റെ തലയിൽ ഫീൽഡർ നിക്കോളാസ് പൂറൻ എറിഞ്ഞ പന്ത്‌ കൊള്ളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

” മത്സരം വേഗത്തിലായി എന്നാൽ ക്രിക്കറ്റ് കൂടുതൽ സുരക്ഷിതമാകുന്നുണ്ടോ ?

അടുത്തിടെ ഒരുപക്ഷേ ദുരിതമായേക്കുമായിരുന്ന ഒരു സംഭവത്തിന് നമ്മൾ സാക്ഷ്യം വഹിച്ചു. സ്പിന്നറോ പേസറോ ആകട്ടെ പ്രൊഫഷണൽ ലെവലിൽ ബാറ്റ്‌സ്മാൻ ഹെൽമെറ്റ് ധരിക്കേണ്ടത് നിർബന്ധമാക്കണം, ഇതിന് മുൻകൈ എടുക്കാൻ ഐസിസിയോട് ഞാൻ അഭ്യർത്ഥിക്കുന്നു ” സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലും സമാനമായ സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

മത്സരത്തിൽ സിംഗിൾ ഒടുന്നതിനിടെ ഡേവിഡ് വാർണർ എറിഞ്ഞ പന്ത് നേരിട്ട് മുംബൈ ബാറ്റ്‌സ്മാൻ കുൽക്കർണിയുടെ ഹെൽമെറ്റിൽ കൊള്ളുകയായിരുന്നു. ഒരുപക്ഷേ ഹെൽമറ്റ് ഇല്ലായിരുന്നുവെങ്കിൽ സാരമായ പരിക്ക് ബാറ്റ്‌സ്മാന് പറ്റുമായിരുന്നു.