Skip to content

ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2016 ൽ വിരമിച്ചിരുന്നുവെങ്കിലും ഷെയ്ൻ വാട്സൻ ബിഗ് ബാഷ് ലീഗിനൊപ്പം വിദേശ ലീഗുകളിൽ സജീവസാന്നിധ്യമായിരുന്നു. 2018 ഐ പി എല്ലിൽ ഷെയ്ൻ വാട്സന്റെ സെഞ്ചുറി മികവിലാണ് ചെന്നൈ സൂപ്പർ കികിങ്‌സ് ചാമ്പ്യന്മാരായത്.

ഒക്ടോബർ 29 ന് കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരം തന്റെ ക്രിക്കറ്റ് കരിയറിലെ അവസാനത്തെതാണെന്നും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുകയെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും അത് സാക്ഷാത്കരിക്കാൻ സാധിച്ചതിൽ ഭാഗ്യവാനാണെന്നും അവസാന മത്സരം താനേറെ ഇഷ്ട്ടപെടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് വേണ്ടിയായതിൽ അതിയായ സന്തോഷമുണ്ടെന്നും വാട്സൻ പറഞ്ഞു.

ഐ പി എല്ലിൽ 3874 റൺസും 92 വിക്കറ്റും വാട്സൻ നേടിയിട്ടുണ്ട്. 2008 ൽ പ്രഥമ ഐ പി എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്‌സനായിരുന്നു.

2007 ലും 2015 ലും ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയൻ ടീമിലംഗമായിരുന്ന വാട്സൻ ഓസ്‌ട്രേലിയക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 10,950 റൺസും 291 വിക്കറ്റും നേടിയിട്ടുണ്ട്.

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനും കൂടിയാണ് ഷെയ്ൻ വാട്സൻ.