Skip to content

എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 34 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 66 റൺസ് നേടിയാണ് വാർണർ പുറത്തായത്.

വെറും 25 പന്തിൽ നിന്നാണ് മത്സരത്തിൽ വാർണർ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇത് പതിമൂന്നാം തവണയാണ് ഐ പി എല്ലിൽ 25 അല്ലെങ്കിൽ 25ൽ താഴെയോ പന്തുകളിൽ വാർണർ ഫിഫ്റ്റി നേടുന്നത്. ഇതോടെ ഇത്തരത്തിൽ 12 ഫിഫ്റ്റി നേടിയിട്ടുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം എ ബി ഡിവില്ലിയേഴ്സിനെ പിന്നിലാക്കി 25 അല്ലെങ്കിൽ 25 ൽ താഴെ പന്തുകളിൽ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി.

മത്സരത്തിൽ 88 റൺസിന്റെ തകർപ്പൻ വിജയമാണ് വാർണറിന്റെ ഹൈദരാബാദ് നേടിയത്. 66 റൺസ് നേടിയ ഡേവിഡ് വാർണറുടെയും 87 റൺസ് നേടിയ വൃദ്ധിമാൻ സാഹയുടെയും മികവിൽ ഹൈദരാബാദ് ഉയർത്തിയ 220 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 19 ഓവറിൽ 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

നാലോവറിൽ 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ഡൽഹിയെ തകർത്തത്.