Skip to content

ഔട്ടാകരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ പ്രകടനം അച്ഛന് സമർപ്പിച്ച് മന്ദീപ്‌ സിങ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനം തന്റെ അച്ഛന് വേണ്ടിയാണെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ മന്ദീപ്‌ സിങ്. 56 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ മന്ദീപ്‌ സിങിന്റെയും 29 പന്തിൽ 51 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും മികവിലാണ് 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് പഞ്ചാബ് വിജയം നേടിയത്.

വെള്ളിയാഴ്ച്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുൻപാണ് മന്ദീപ്‌ സിങിന്റെ അച്ഛൻ മരിക്കുന്നത്. എന്നാൽ ടീമിന് വേണ്ടി യു എ ഇ യിൽ തന്നെ തുടരാൻ തീരുമാനിച്ച മന്ദീപ്‌ മായങ്ക് അഗർവാളിന്റെ ഓപ്പണറായി കളിക്കാനിറങ്ങുകയും ചെയ്തു. ആ മത്സരത്തിൽ 14 പന്തിൽ 17 റൺസ് മന്ദീപ്‌ പുറത്തായത്.

” ഇത് തീർച്ചയായും വളരെ സ്‌പെഷ്യലാണ്. മത്സരങ്ങളിൽ ഔട്ട് ആകരുതെന്ന് എല്ലായ്പ്പോഴും അച്ഛൻ എന്നോട് പറയുമായിരുന്നു. ഇതദ്ദേഹത്തിന് വേണ്ടിയാണ്, ഞാൻ സെഞ്ചുറി നേടിയാലും ഡബിൾ സെഞ്ചുറി നേടിയാലും എന്തിനാണ് നീ ഔട്ടായതെന്ന് അച്ഛൻ എപ്പോഴും എന്നോട് ചോദിക്കും, ” മന്ദീപ്‌ സിങ് പറഞ്ഞു.

” കഴിഞ്ഞ മത്സരത്തിൽ ഞാൻ വേഗത്തിൽ റൺസ് നേടാനാണ് ശ്രമിച്ചത്. എന്നാൽ ഈ മത്സരത്തിന് മുൻപേ എന്റെ സ്വാഭാവിക രീതിയിലാണ് ബാറ്റ് ചെയ്യുകയെന്ന് കെ എൽ രാഹുലിനോട് ഞാൻ പറഞ്ഞിരുന്നു. അവൻ എന്റെ തീരുമാനത്തിന് പൂർണപിന്തുണ നൽകുകയും ചെയ്തു. ” മന്ദീപ്‌ സിങ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ നേടിയ വിജയത്തോടെ കൊൽക്കത്തയെ പിന്നിലാക്കി പഞ്ചാബ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി.