Skip to content

ബെൻ സ്റ്റോക്സിന്റെ ആ സെലിബ്രേഷന് പിന്നിൽ ഒരു കഥയുണ്ട്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ സെഞ്ചുറി നേടിയ സ്റ്റോക്സിന്റെ മികവിൽ മുംബൈയെ 8 വിക്കറ്റിന് പരാജയപെടുത്തിയ രാജസ്ഥാൻ പ്ലേയോഫ് സാധ്യതകൾ നിലനിർത്തുകയും ചെയ്തു.

60 പന്തിൽ പുറത്താകാതെ 14 ഫോറും 3 സിക്സുമടക്കം 107 റൺസ് മത്സരത്തിൽ സ്റ്റോക്സ് നേടി. ഐ പി എല്ലിലെ സ്റ്റോക്സിന്റെ രണ്ടാം സെഞ്ചുറി കൂടിയാണിത്. പതിവുപോലെ തന്റെ നടുവിരൽ മടക്കി കൈ ഉയർത്തിയാണ് തന്റെ സെഞ്ചുറി ബെൻ സ്റ്റോക്സ് ആഘോഷിച്ചത്. സ്റ്റോക്സിന്റെ ഈ വ്യത്യസ്ത സെലിബ്രേഷന് പിന്നിലെ കാരണം മറ്റാരുമല്ല അദ്ദേഹത്തിന്റെ പിതാവ് ഗേഡ് സ്റ്റോക്സ് തന്നെ.

തന്റെ അച്ഛനോടുള്ള ബഹുമാനസൂചകമായാണ് ഓരോ മത്സരത്തിലെയും മികച്ച പ്രകടനം നടുവിരൽ മടക്കി കൈയുയർത്തി ബെൻ സ്റ്റോക്സ് ആഘോഷിക്കുന്നത്. റഗ്ബി കളിക്കാരനായ സ്റ്റോക്സിന്റെ പിതാവിന് തന്റെ റഗ്ബി കരിയറിനിടയിലാണ് കയ്യിലെ നടുവിരൽ നഷ്ട്ടമായത്.

കരിയറിൽ പരിക്കുകൾ മൂലം സ്റ്റോക്സിന്റെ പിതാവ് വൈദ്യസഹായം തേടുകയും വിരൽ ശരിയാക്കാൻ ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഓപ്പറേഷന് വിധേയനായാൽ ദീർഘനാൾ അദ്ദേഹത്തിന് മത്സരങ്ങളിൽ നിന്നും വിട്ടുവാങ്ങേണ്ടി വരും ഒപ്പം തന്റെ കുടുംബത്തിന്റെ വരുമാനമാർഗവും നിലക്കും. ഈയൊരു ഘട്ടത്തിൽ ഗേഡ് സ്റ്റോക്സ് മറ്റൊരു വഴിയാണ് തേടിയത് തന്റെ വിരൽ മുറിച്ചുമാറ്റുക !!

തന്റെ അച്ഛന്റെ അനാരോഗ്യം മൂലമാണ് ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ ഘട്ടത്തിൽ ബെൻ സ്റ്റോക്സിന് കളിക്കാൻ സാധിക്കാതിരുന്നത്.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് അസുഖബാധിതനായ അച്ഛനൊപ്പം സമയം ചികവഴിക്കാൻ സ്റ്റോക്സ് ന്യൂസിലാൻഡിലേക്ക് മടങ്ങിയത്.