Skip to content

തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ 7 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥനക്കാരായപ്പോഴും തങ്ങൾ പരിഭ്രമിച്ചിരുന്നില്ലയെന്നും സീസണിലെ തിരിച്ചുവരവിൽ ക്രെഡിറ്റ് അർഹിക്കുന്നത് കളിക്കാർ മാത്രമല്ലെന്നും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ആദ്യ 7 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ പഞ്ചാബ് തുടർന്നുള്ള നാല് മത്സരങ്ങളിൽ നാലിലും വിജയം നേടി തകർപ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

” വിജയം ഞങ്ങൾക്ക് ശീലമായി തുടങ്ങിയിരിക്കുന്നു. ആ ശീലം സീസണിലെ ആദ്യ ഘട്ടത്തിൽ കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. എനിക്ക് പറയാൻ വാക്കുകളില്ല, എല്ലാവരും വിജയത്തിൽ പങ്കാളികളായി. ഇത്തരം മത്സരങ്ങളിലാണ് ബാറ്റ്‌സ്മാൻ നേടുന്ന 10- 15 റൺസും ഫീൽഡിങിലൂടെ ബൗണ്ടറികൾ തടയുന്നതും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാകൂ. കളിക്കാർ മാത്രമല്ല സപ്പോർട്ട് സ്റ്റാഫും വിജയത്തിൽ പ്രധാനപങ്കാണ് വഹിക്കുന്നത്. രണ്ട് മാസങ്ങൾക്കിടയിൽ കുറെയേറെ കാര്യങ്ങളൊന്നും നിങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല, എന്നാൽ താരങ്ങളെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർ വളരെയേറെ സഹായിച്ചു. ” കെ എൽ രാഹുൽ പറഞ്ഞു.

” പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാർ ആയിരുന്നപ്പോൾ പോലും ഞങ്ങൾ തെല്ലും പരിഭ്രമിച്ചിരുന്നില്ല. ഞങ്ങൾ വിജയങ്ങൾക്കായി ചികഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഫലമായി വിജയങ്ങൾ നേടാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ” കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 12 റൺസിനായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 127 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 19.5 ഓവറിൽ 114 റൺസ് നേടാനെ സാധിച്ചുള്ളൂ.

വിജയത്തോടെ പോയിന്റ് ടേബിളിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തി.