Skip to content

ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കം ; എം എസ് ധോണി

ഐ പി എൽ പതിമൂന്നാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നും ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഷാർജയിൽ മുംബൈയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് ഇക്കാര്യം ധോണി വ്യക്തമാക്കിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ പരാജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയോഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്.

” തീർച്ചയായും പരാജയം വേദനിപ്പിക്കുന്നുണ്ട്, എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കാണണം, ഈ വർഷം ഞങ്ങളുടെതായിരുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രമാണ് ഞങ്ങൾ നന്നായി ബാറ്റ് ചെയ്യുകയും ബൗൾ ചെയ്യുകയും ചെയ്‌തത്. എട്ട് വിക്കറ്റിന് പരാജയപെടുകയോ 10 വിക്കറ്റിന് പരാജയപെടുകയോയെന്നത് കാര്യമായി എടുക്കുന്നില്ല, എല്ലാവരും തന്നെ നിരാശരാണ്. അവർ അവരുടെ മികവ് പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്ത മൂന്ന് മത്സരങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ” ധോണി പറഞ്ഞു.

” അടുത്ത വർഷത്തിനായി ഒരു വ്യക്തമായ ചിത്രം ഞങ്ങൾക്ക് ആവശ്യമാണ്. ഏതുതരത്തിലുള്ള ലേലമാണെന്നും വേദികൾ ഏതൊക്കെയെന്നും അറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ മത്സരങ്ങൾ നൽകേണ്ടതുണ്ട്. അടുത്ത മൂന്ന് മത്സരങ്ങൾ അതിനായി ഉപയോഗിക്കണം, അത് അടുത്ത സീസണ് വേണ്ടിയുള്ള മികച്ച തയ്യാറെടുപ്പ് കൂടിയാകും. ” ധോണി കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഏകപക്ഷീയ വിജയമാണ് ചെന്നൈയ്ക്കെതിരെ മുംബൈ നേടിയത്.

നാലോവറിൽ 18 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടിന്റെ മികവിൽ ചെന്നൈയെ നിശ്ചിത 20 ഓവറിൽ 114 റൺസിൽ ചുരുക്കികെട്ടിയ മുംബൈ 115 റൺസിന്റെ വിജയലക്ഷ്യം 12.2 ഓവറിൽ മറികടന്നു.