Skip to content

അവൻ ബാറ്റ് ചെയ്തത് എന്നെപോലെ, മനീഷ് പാണ്ഡെയെ പ്രശംസിച്ച് വിരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാൻ മനീഷ് പാണ്ഡെയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 83 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ മികവിലാണ് എട്ട് വിക്കറ്റിന്റെ വിജയം നേടി സൺറൈസേഴ്‌സ് പ്ലേയോഫ് സാധ്യത നിലനിർത്തിയത്.

” ഇന്നലെ ഹൈദരാബാദ് അവരുടെ താളത്തിനനുസരിച്ച് രാജസ്ഥാനെ കൊണ്ട് നൃത്തം ചെയ്യിച്ചു. കളിപ്പാവയെന്താണെന്നും പാവകളി എങ്ങനെ ആസ്വദിക്കാമെന്നും അവർ കാണിച്ചുതന്നു, പാണ്ഡെ എന്നെ പോലെയൊരു ഇന്നിങ്സാണ് കാഴ്ച്ചവെച്ചത്, ആ പ്രകടനത്തിലൂടെ അവൻ രാജസ്ഥാനെ തകർക്കുകയും ചെയ്തു. ” സെവാഗ് പറഞ്ഞു.

മധ്യനിര കൂടെ ഫോമിൽ എത്തിയതോടെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സാധ്യതകൾ വർധിച്ചുവെന്നും സെവാഗ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. 16 റൺസ് എടുക്കുന്നതിനിടെ ജോണി ബെയർസ്റ്റോയെയും ഡേവിഡ് വാർണറിനെയും നഷ്ട്ടമായ ഹൈദരാബാദിനെ മൂന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്ത മനീഷ് പാണ്ഡെ – വിജയ് ശങ്കർ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

മനീഷ് പാണ്ഡെ 4 ഫോറും 8 സിക്സുമടക്കം 47 പന്തിൽ 83 റൺസ് നേടിയപ്പോൾ 51 പന്തിൽ 52 റൺസ് നേടിയ വിജയ് ശങ്കർ മികച്ച പിന്തുണ നൽകി.