Skip to content

മലിംഗയിൽ നിന്നും ആ ചുമതല ബുംറ ഏറ്റെടുത്തുകഴിഞ്ഞു ; പൊള്ളാർഡ്

മുംബൈ ഇന്ത്യൻസ് ബൗളിങ് നിരയെ നയിക്കാനുള്ള ചുമതല ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയിൽ നിന്നും ജസ്പ്രീത് ബുംറ ഏറ്റെടുത്തുകഴിഞ്ഞെന്ന് മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൻ പൊള്ളാർഡ്.

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ നാലോവറിൽ 24 റൺസ് വഴങ്ങി പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂറൻ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ ബുംറ സൂപ്പറോവറിൽ വെറും 5 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

” അവൻ ലോകോത്തര ക്രിക്കറ്ററാണ് ഒന്നിലധികം ഫോർമാറ്റുകളിൽ ദീർഘനാൾ ഒന്നാം സ്ഥാനത്ത് തുടരാൻ അവന് സാധിച്ചു. അവൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുകഴിഞ്ഞു. കുറച്ചുവർഷങ്ങൾക്ക് മുൻപ് ശക്തനായ ലസിത് മലിംഗ ഞങ്ങൾക്കുണ്ടായിരുന്നു ഇന്ന് ആ ചുമതല ബുംറ ഏറ്റെടുത്തുകഴിഞ്ഞു. ” പൊള്ളാർഡ് പറഞ്ഞു.

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള ലസിത് മലിംഗ വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ഈ ഐ പി എൽ സീസണിൽ നിന്നും പിന്മാറിയത്.

രണ്ട് സൂപ്പറോവറിനൊടുവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബിനോട് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. സീസണിൽ ഇത് രണ്ടാം തവണയാണ് സൂപ്പറോവറിൽ മുംബൈ ഇന്ത്യൻസ് പരാജയപെടുന്നത്. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും സൂപ്പറോവറിലാണ് മുംബൈ പരാജയപെട്ടത്.

9 മത്സരങ്ങളിൽ നിന്നും 6 വിജയം നേടിയ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഡൽഹി ക്യാപിറ്റൽസിന് പുറകിൽ രണ്ടാം സ്ഥാനത്താണ്.