Skip to content

തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിൽ 500 റൺസ് പിന്നിട്ട് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ സീസണിലും കെ എൽ രാഹുൽ 500 റൺസ് പിന്നിട്ടത്.

ഇത് തുടർച്ചയായി മൂന്നാം സീസണിലാണ് കെ എൽ രാഹുൽ 500 ലധികം റൺസ് നേടുന്നത്. ഇതോടെ ഐ പി എല്ലിൽ മൂന്ന് സീസണിൽ തുടർച്ചയായ 500 ലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം കെ എൽ രാഹുൽ സ്വന്തമാക്കി.

ക്രിസ് ഗെയ്‌ലും ഡേവിഡ് വാർണറും മാത്രമാണ് കെ എൽ രാഹുലിന് മുൻപ് ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് സീസണിൽ 500 ലധികം റൺസ് നേടിയിട്ടുള്ളത്. ക്രിസ് ഗെയ്ൽ 2011 മുതൽ 13 വരെയുള്ള മൂന്ന് സീസണിൽ തുടർച്ചയായി 500 ലധികം റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 2014 മുതൽ 2017 വരെ തുടർച്ചയായി നാല് സീസണിൽ 500 ലധികം റൺസ് നേടിയിരുന്നു. 2018 ൽ വിലക്ക് മൂലം കളിക്കാൻ സാധിക്കാതിരുന്ന വാർണർ കഴിഞ്ഞ സീസണിലും 500 ലധികം റൺസ് നേടിയിരുന്നു.

ഐ പി എല്ലിൽ തുടർച്ചയായി ഏറ്റവുമധികം സീസണുകളിൽ 500+ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. ഡേവിഡ് വാർണർ – 4 (2014-17)
  2. കെ എൽ രാഹുൽ – 3 (2018- 20) *
  3. ക്രിസ് ഗെയ്ൽ – 3 (2011-13)

9 മത്സരങ്ങളിൽ നിന്നും 75.00 ശരാശരിയിൽ 525 റൺസ് നേടിയ കെ എൽ രാഹുലാണ് ഈ സീസണിൽ റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ളത്.

393 റൺസ് നേടിയ സഹതാരം മായങ്ക് അഗർവാളാണ് രാഹുലിന് പുറകിലുളത്.