Skip to content

സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

സൂപ്പറോവറിനായി ടീമുകൾക്ക് മത്സരത്തിന് മുൻപേ തയ്യാറെടുക്കാൻ സാധിക്കുകയില്ലെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. പരാജയപെട്ട മത്സരങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ പഞ്ചാബിന് സാധിച്ചിട്ടുണ്ടെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു. രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിനൊടുവിലാണ് മുംബൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബ് വിജയം നേടിയത്. മത്സരവും അതിന് ശേഷം നടന്ന ആദ്യ സൂപ്പറോവറിലും ഇരു ടീമുകളും ഒപ്പമെത്തിയതോടെയാണ് മത്സരം രണ്ടാം സൂപ്പറോവറിലേക്ക് നീണ്ടത്.

” ഞാൻ ഇതിനോട് ഇടപഴകികഴിഞ്ഞു. പക്ഷേ എന്ത് തന്നെയായാലും 2 പോയിന്റ് നേടാൻ ഞങ്ങൾക്ക് സാധിച്ചു. ഇത്തരത്തിലുള്ള മത്സരങ്ങൾ എപ്പോഴും സംഭവിക്കുന്നതല്ല, അതുകൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ സംയമനത്തോടെയിരിക്കാൻ പ്രയാസമാണ്. പരാജയപെട്ട മത്സരങ്ങളിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ഓരോ മത്സരത്തിലും ഞങ്ങൾ തിരിച്ചുവരാൻ ശ്രമിക്കുകയാണ്. ക്രിസ് ഗെയ്ലിന്റെ വരവ് ഒരുപാട് സഹായിച്ചു. അദ്ദേഹം പരിചയസമ്പന്നനാണ് എങ്ങനെ ടീമിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹത്തിനറിയാം. സൂപ്പറോവറിനായി നിങ്ങൾക്ക് തയ്യാറെടുക്കാൻ സാധിക്കില്ല. ഒരു ടീമും സൂപ്പറോവർ പ്രതീക്ഷിച്ച് തയ്യാറെടുക്കില്ല, ബൗളർമാരെ നിങ്ങൾ എപ്പോഴും വിശ്വസിക്കണം, സൂപ്പറോവറിൽ ആറ് പന്തും യോർക്കർ എറിയാനാകുമെന്ന് ഷാമിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അസാമാന്യ പ്രകടനമാണ് അദ്ദേഹം ഞങ്ങൾക്കായി കാഴ്ച്ചവെച്ചത്. ” കെ എൽ രാഹുൽ മത്സരശേഷം പറഞ്ഞു.

ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 5 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ 6 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിനെ 5 റണ്ണിൽ മൊഹമ്മദ് ഷാമി ചുരുക്കികെട്ടിയതോടെയാണ് മത്സരം രണ്ടാം സൂപ്പറോവറിലേക്ക് നീണ്ടത്.

ക്രിസ് ജോർദാൻ എറിഞ്ഞ രണ്ടാം സൂപ്പറോവറിൽ 11 റൺസാണ് മുംബൈ നേടിയത്. 12 റൺസിന്റെ വിജയലക്ഷ്യവുമായി കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ബാറ്റിങിനിറങ്ങിയത് ക്രിസ് ഗെയ്‌ലും മായങ്ക് അഗർവാളുമായിരുന്നു.

മുംബൈയ്ക്ക് വേണ്ടി ഓവർ എറിയാനെത്തിയ ബോൾട്ടിന്റെ ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി ക്രിസ് ഗെയ്ൽ തൊട്ടടുത്ത പന്തിൽ സിംഗിൾ നേടി സ്‌ട്രൈക്ക് മായങ്ക് അഗർവാളിന് നൽകുകയും മൂന്നാം പന്തിലും നാലാം പന്തിലും ഫോർ നേടി അഗർവാൾ പഞ്ചാബിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.