CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ആവേശ കൊടുങ്കാറ്റ്, രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈയെ തളച്ചുകെട്ടി കിങ്‌സ് ഇലവൻ പഞ്ചാബ്

ആവേശം നിറഞ്ഞ രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി നടന്ന ആദ്യ സൂപ്പറോവറും സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് രണ്ടാം സൂപ്പറോവറിലേക്ക് പോരാട്ടം നീണ്ടത്.

ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 5 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ 6 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിനെ 5 റണ്ണിൽ മൊഹമ്മദ് ഷാമി ചുരുക്കികെട്ടിയതോടെയാണ് മത്സരം രണ്ടാം സൂപ്പറോവറിലേക്ക് നീണ്ടത്.

ക്രിസ് ജോർദാൻ എറിഞ്ഞ രണ്ടാം സൂപ്പറോവറിൽ 11 റൺസാണ് മുംബൈ നേടിയത്. 12 റൺസിന്റെ വിജയലക്ഷ്യവുമായി പഞ്ചാബിന് വേണ്ടി ബാറ്റിങിനിറങ്ങിയത് ക്രിസ് ഗെയ്‌ലും മായങ്ക് അഗർവാളുമായിരുന്നു.

ഓവർ എറിയനെത്തിയ ബോൾട്ടിന്റെ ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി ക്രിസ് ഗെയ്ൽ മുംബൈ ആരാധകരുടെ ഹൃദയം തകർത്തു. തൊട്ടടുത്ത പന്തിൽ സിംഗിൾ നേടി ഗെയ്ൽ സ്‌ട്രൈക്ക് മായങ്ക് അഗർവാളിന് നൽകുകയും മൂന്നാം പന്തിലും നാലാം പന്തിലും ഫോർ നേടി അഗർവാൾ പഞ്ചാബിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

സീസണിലെ പഞ്ചാബിന്റെ മൂന്നാം വിജയമാണിത് ഒപ്പം മുംബൈ ഇന്ത്യൻസിന്റെ മൂന്നാം തോൽവിയും.

51 പന്തിൽ 77 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ മികവിലാണ് മുംബൈ ഇന്ത്യൻസ് സ്കോറിനൊപ്പം പഞ്ചാബ് എത്തിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റും രാഹുൽ ചഹാർ 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 43 പന്തിൽ 53 റൺസ് നേടിയ ക്വിന്റൺ ഡീകോക്കും, 12 പന്തിൽ 34 റൺസ് നേടിയ കീറോൺ പൊള്ളാർഡുമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.