Skip to content

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത് സ്മിത്തിന്റെ ആ തീരുമാനം, വിമർശനവുമായി ആകാശ് ചോപ്ര

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിന് കാരണമായത് 19 ആം ഓവർ ജോഫ്രാ ആർച്ചർക്ക് നൽകാതെ ഉനാഡ്കടിനെ ഏൽപ്പിച്ചതാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

രാജസ്ഥാൻ റോയൽഡ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ആ തീരുമാനം ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും എന്തുകൊണ്ടാണ് ആ ഓവർ ഉനാട്കടിന് നൽകിയതെന്ന ചോദ്യത്തിന് സ്റ്റീവ് സ്മിത്ത് മറുപടി നൽകണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

” റോബിൻ ഉത്തപ്പയും സ്റ്റീവ് സ്മിത്തും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. വലിയ ടോട്ടൽ ലഭിച്ചില്ലയെങ്കിലും വിജയിക്കാൻ സാധിക്കുന്ന ടോട്ടൽ കണ്ടെത്താൻ അവർക്ക് സാധിച്ചു. ദുബായിൽ 170 ൽ കൂടുതൽ ടോട്ടൽ നേടിയാൽ നിങ്ങൾ വിജയിച്ചുവെന്ന് തന്നെ കരുതാം, എന്നാൽ ഡിവില്ലിയേഴ്സിന്റെ പ്രകടനം എല്ലാം മാറ്റിമറിച്ചു”

നിങ്ങൾ ആദ്യം ബൗൾ ചെയ്യുകയാണെങ്കിൽ 20 ആം ഓവറാണ് പ്രധാനം, എന്നാൽ വിജയലക്ഷ്യം പ്രതിരോധിക്കുകയാണെങ്കിൽ 19 ആം ഓവറിനാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത്. അതുകൊണ്ട് തന്നെ ടീമിലെ മികച്ച ബൗളർ വേണം 19 ആം ഓവർ എറിയാൻ, എന്നാൽ നിങ്ങൾ ഏറ്റവും മികച്ച ബൗളർക്ക് 20 ആം ഓവർ നിങ്ങൾ മാറ്റിവെച്ചു. ” ആകാശ് ചോപ്ര പറഞ്ഞു.

” ആ തീരുമാനത്തെ പറ്റി അവർ ഇനിയും പരിശോധികേണ്ടതുണ്ട്. തന്ത്രപരമായി വലിയ മണ്ടത്തരമാണ് സ്മിത്തിൽ നിന്നുണ്ടായത്. ഒരുപക്ഷേ ആ തീരുമാനത്തിൽ അവൻ ഖേദിക്കുന്നുണ്ടാകും, ഈ മത്സരം അവരുടെ പ്ലേയോഫ് സാധ്യതകളെയും ഇല്ലാതാക്കി ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു..

അവസാന 2 ഓവറിൽ 35 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ എറിയാനെത്തിയ ഉണാഡ്കട് 25 റൺസാണ് ഓവറിൽ വഴങ്ങിയത്.