Skip to content

മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 20 റൺസിന്റെ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്.

ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തങ്ങളുടെ പത്താമത്തെ വിജയമാണ് ദുബായിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ഇതോടെ ഐ പി എല്ലിൽ ശേഷിക്കുന്ന ഏഴ് ടീമിനെതിരെയും പത്തോ അതിലധികമോ വിജയം നേടുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ് മാറി.

മത്സരത്തിൽ ചെന്നൈ ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടാനെ സാധിച്ചുള്ളൂ.

39 പന്തിൽ 57 റൺസ് നേടിയ കെയ്ൻ വില്യംസൺ മാത്രമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്.

ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ, കരൺ ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിനെ 42 റൺസ് നേടിയ ഷെയ്ൻ വാട്സനും 34 പന്തിൽ 41 റൺസ് നേടിയ അമ്പാട്ടി റായുഡുവും 21 പന്തിൽ 31 റൺസ് നേടിയ സാം കറനുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.