Skip to content

ആ പിച്ചിൽ ഡിവില്ലിയേഴ്സിന് മാത്രമേ അത് സാധിക്കൂ, പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച് എ ബി ഡിവില്ലിയേഴ്സിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ കണ്ടതുപോലെയുള്ള പിച്ചിൽ ഇതുപോലെ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കാൻ എ ബി ഡിവില്ലിയേഴ്സിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും മികച്ച സ്കോർ സ്വന്തമാക്കാൻ സാധിച്ചത് ഡിവില്ലിയേഴ്സ് ഉള്ളതുകൊണ്ട് മാത്രമാണെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

” മികച്ച പ്രകടനമാണ് ഐ പി എല്ലിൽ ഇതുവരെ കൊൽക്കത്ത കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെ മികച്ച തുടക്കം ലഭിക്കേണ്ടത് ഞങ്ങൾക്ക് അനിവാര്യമായിരുന്നു. ക്രിസ്‌ മോറിസ് കൂടെ എത്തിയതോടെ ബൗളിങ് യൂണിറ്റ് കൂടുതൽ കരുത്തരായി. ടോസ് നേടിയപ്പോൾ തന്നെ വിക്കറ്റ് സ്ലോ ആകുമെന്ന് കരുതിയിരുന്നു. ഒരു അമാനുഷികൻ ഒഴികെ ബാക്കിയെല്ലാവരും തന്നെ പിച്ചിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. ഇതുപോലൊരു പിച്ചിൽ എ ബിയ്ക്ക് മാത്രമേ അത്തരമൊരു പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കൂ, വളരെ സ്‌പെഷ്യലായിരുന്നു അത്. ഞങ്ങൾക്ക് മികച്ച സ്കോർ ലഭിച്ചത് എ ബി യുടെ കഴിവ് കൊണ്ട്‌ മാത്രമാണ്. ” കോഹ്ലി പറഞ്ഞു.

33 പന്തിൽ പുറത്താകാതെ 5 ഫോറും 6 സിക്സുമടക്കം 73 റൺസ് നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് 82 റൺസിന്റെ വിജയം ബാംഗ്ലൂർ നേടിയത്.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 112 റൺസ് നേടാനെ സാധിച്ചുള്ളൂ.