Skip to content

കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

സുനിൽ നരെയ്ന്റെ തകർപ്പൻ ബൗളിങ് മികവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്ത 2 റൺസിന്റെ ആവേശവിജയം നേടിയത്. എന്നാൽ മത്സരത്തിന് പുറകെ ഇപ്പോൾ സുനിൽ നരെയ്ന്റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫീൽഡ് അമ്പയർമാർ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ഇന്ത്യൻ പ്രീമിയർ ലീഗ് വ്യക്തമാക്കിയത്.

നരെയ്ന്റെ ബൗളിങ് ആക്ഷൻ ഐ പി എൽ ബൗളിങ് ആക്ഷൻ പോളിസി പ്രകാരം നിയമവിരുദ്ധമാണെന്ന് ഫീൽഡ് അമ്പയർമാർ റിപ്പോർട്ട് നൽകിയെന്നും ടൂർണമെന്റിൽ തുടർന്ന് പന്തെറിയാൻ നരെയ്നെ അനുവദിക്കുമെങ്കിലും വാണിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാൽ ഇനിയും ആക്ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ബൗളിങിൽ നിന്നും വിലക്കുമെന്നും തുടർന്ന് ബിസിസിഐ ബൗളിങ് ആക്ഷൻ കമ്മിറ്റി അനുവദിക്കുന്നത് വരെ നരെയ്ന് പന്തെറിയാ സാധിക്കുകയില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ ബിസിസിഐ വ്യക്തമാക്കി.

സുനിൽ നരെയ്ൻ എറിഞ്ഞ 18 ആം ഓവറാണ് മത്സരത്തിൽ കൊൽക്കത്തയെ തിരിച്ചെത്തിച്ചത്.

ഓവറിലെ രണ്ടാം പന്തിൽ നിക്കോളാസ് പൂറനെ പുറത്താക്കിയ നരെയ്ൻ പിന്നീടുള്ള നാല് പന്തിൽ ഒരേയൊരു റൺ മാത്രമാണ് വഴങ്ങിയത്. തുടർന്ന് അവസാന ഓവറിൽ 14 റൺസ് വേണമെന്നിരിക്കെ പന്തെറിയാൻ എത്തിയ നരെയ്ൻ ഓവറിൽ 11 റൺസ് മാത്രം വഴങ്ങുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഇതാദ്യമായല്ല നരെയ്ൻ ബൗളിങ് ആക്ഷന്റെ പേരിൽ പ്രശ്നങ്ങൾ നേരിടുന്നത്. 2014 ചാമ്പ്യൻസ് ലീഗിൽ നിയമവിരുദ്ധ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടതിനിടെ തുടർന്ന് 2015 ലോകകപ്പ് താരത്തിന് നഷ്ടപ്പെട്ടിരുന്നു.

തുടർന്ന് 2015 ഐ പി എല്ലിനിടെ ആക്ഷൻ റിപ്പോർട്ട് ചെയ്യപെടുകയും ബൗളിങിൽ നിന്ന് ബിസിസിഐ വിലക്കുകയും ചെയ്തിരുന്നു. 2018 ൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലും നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.