Skip to content

എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന്റെ നിരാശ പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. തനിക്ക് ഉത്തരങ്ങൾ നൽകാൻ ഒന്നും തന്നെയില്ലയെന്നും അടുത്ത ഏഴ് മത്സരങ്ങളിൽ ചില മത്സരങ്ങളിലെങ്കിലും വിജയിക്കാൻ ശ്രമിക്കുമെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.

” ഞങ്ങൾ നന്നായി തുടങ്ങി, വിജയത്തിനടുത്തെത്തി, എന്നാൽ തുറന്നുപറയുകയാണെങ്കിൽ എനിക്ക് ഉത്തരങ്ങളൊന്നുമില്ല, അടുത്ത ഏഴ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് ചിലതിലെങ്കിലും വിജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നന്നായി ബൗൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തി തുടക്കത്തിൽ സ്വിങ് കണ്ടെത്തി മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ച്ചവെച്ചത്. അതുമാത്രമായിരുന്നു 180 ൽ താഴെ അവരെ ഒതുക്കാനുള്ള ഏകമാർഗം. സെത്ത് ഓവറുകളിലും മികച്ച പ്രകടനമായിരുന്നു അവർ കാഴ്ച്ചവെച്ചത്.

റൺചേസിൽ ഒരു ഘട്ടത്തിലും ഞങ്ങൾ സംതൃപ്തരായിരുന്നില്ല. വിജയിക്കുമ്പോൾ മാത്രമാണ് നിങ്ങൾക്ക് സന്തോഷിക്കാൻ സാധിക്കുക. മായങ്കിനും എനിക്കും മികച്ച തുടക്കം ലഭിച്ചു. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റ് വീണാൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുകയില്ല ” കെ എൽ രാഹുൽ പറഞ്ഞു.

മത്സരത്തിൽ 2 റൺസിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം. കൊൽക്കത്ത ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 18 ആം ഓവറിൽ 144 ന് 1 എന്ന ശക്തമായ നിലയിൽ നിന്നാണ് പഞ്ചാബ് മത്സരം കൈവിട്ടത്.

സീസണിലെ പഞ്ചാബിന്റെ തുടർച്ചയായ ആറാം തോൽവിയാണിത്.