Skip to content

ഫോമിൽ തിരിച്ചെത്താൻ പ്രചോദനമായത് ബുംറയ്ക്കെതിരായ ആ സൂപ്പറോവർ ; വിരാട് കോഹ്ലി

ഐ പി എൽ പതിമൂന്നാം സീസണിൽ ഫോം വീണ്ടെടുക്കാൻ സാധിച്ചത് മുംബൈ ഇന്ത്യൻസിനെതിരായ സൂപ്പറോവറോടെയാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ദുബായിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മത്സരത്തിൽ 52 പന്തിൽ 90 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്.

” അതിനുമുൻപ് ഞാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു അതെന്നെ സമ്മർദ്ദത്തിലാക്കി, എന്താണോ ഞാൻ ചെയ്യേണ്ടിയിരുന്നത് അതിൽ നിന്നെല്ലാം എന്റെ ശ്രദ്ധ മാറിയിരുന്നു. ചുമതലകളെ കുറിച്ച് കൂടുതൽ ചിന്തിച്ചാൽ നിങ്ങൾ സമ്മർദ്ദത്തിലാകും, നിങ്ങളുടെ കഴിവുകൾ വേണ്ടത് ടീമിന്റെ വിജയത്തിനാണ്. ആ സൂപ്പറോവറിൽ എല്ലാ പന്തും ഞാൻ സ്‌ട്രൈക്ക് ചെയ്യേണ്ടിയിരുന്നു അല്ലെങ്കിൽ ടീം പരാജയപെടുകയും ചെയ്യും, അതെന്റെ മാനസികാവസ്ഥയെ സ്വാധീനിച്ചു. അതിന് ശേഷം പരിശീലനവും ബാറ്റിങും കൂടുതൽ ആസ്വദിക്കാനും സാധിച്ചു. ” കോഹ്ലി പറഞ്ഞു.

” രണ്ടാമത്തെ ടൈമൗട്ടിൽ 140-150 മികച്ച സ്കോറായിരിക്കുമെന്ന് ഞങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ അതിൽ കൂടുതൽ നേടുവാൻ ഞങ്ങൾക്ക് സാധിച്ചു, ഇതൊരു രസകരമായ പിച്ചാണ് മത്സരത്തെ ബഹുമാനിക്കുകയും സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്താൽ റൺസ് സ്കോർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ” കോഹ്ലി കൂട്ടിച്ചേർത്തു.

മത്സരത്തിൽ 37 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം. ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ.

വിജയത്തോടെ ബാംഗ്ലൂർ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി.