Skip to content

കിങ് കോഹ്ലി തിളങ്ങി, മികവ് പുലർത്തി ബൗളർമാരും ; ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 37 റൺസിന്റെ തകർപ്പൻ വിജയം. ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ.

40 പന്തിൽ 42 റൺസ് നേടിയ അമ്പാട്ടി റായുഡുവും 33 റൺസ് നേടിയ ജഗദീഷനും മാത്രമേ ചെന്നൈ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻ എം എസ് ധോണി 6 പന്തിൽ 10 റൺസ് നേടി പുറത്തായി ഒരിക്കൽ കൂടെ നിരാശപ്പെടുത്തി.

ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 52 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ദേവ്ദത്ത് പടിക്കൽ 33 റൺസ് നേടിയപ്പോൾ ആരോൻ ഫിഞ്ച് 2 റൺസും ഡിവില്ലിയേഴ്സ് റണ്ണൊന്നും നേടാതെയും പുറത്തായി.

ഈ സീസണിലെ ബാംഗ്ലൂരിന്റെ നാലാം വിജയമാണിത്. വിജയത്തോടെ ബാംഗ്ലൂർ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദി മാച്ച്.