Skip to content

സി‌എസ്‌കെയെ സർക്കാർ ജോലിയായിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ്സ്മാൻമാർ കരുതുന്നത്: വീണ്ടും പരിഹാസവുമായി വീരേന്ദർ സെവാഗ്

കൊൽക്കത്തയ്ക്കെതിരായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ദയനീയ തോൽവിയിൽ ബാറ്റ്സ്മാന്മാരെ ട്രോളി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വിജയം ചെന്നൈ നേടുമെന്ന് ഉറപ്പിച്ച മത്സരത്തിലാണ് 10 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ 10 ഓവറിൽ വെറും 79 റൺസ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഇതോടെ സീസണിലെ നാലാം തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

നായകൻ ധോണിയുടെയും ഓൾ റൗണ്ടർ കേദാർ ജാദവിന്റെയും അമിത പ്രതിരോധം സിഎസ്കെയെ തോല്വിയിലേക്ക് നയിച്ചു. ധോണി 12 പന്തിൽ നിന്നും 11 റൺസാണ് നേടിയത്, അതേസമയം ജാദവ് 12 പന്തിൽ 7 റൺസുമാണ് നേടിയത്. ജഡേജയ്ക്കും ബ്രാവോയ്ക്കും മുമ്പ് ജാദവിനെ അയച്ച തന്ത്രം പിഴക്കുകയായിരുന്നു.

മുൻ ഇന്ത്യ വൈസ് ക്യാപ്റ്റനായ സെവാഗ് മത്സരശേഷം സി‌എസ്‌കെയെ മൊത്തത്തിൽ വിമർശിക്കുകയും കളിക്കാർ ഫ്രാഞ്ചൈസിയെ സർക്കാർ ജോലിയായി പരിഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

” അത് ചെയ്‌സ് ചെയ്യേണ്ട മത്സരമായിരുന്നു. കേദാർ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്ട് ബോളുകൾ തോൽവിക്ക് കാരണമായി. എന്റെ കാഴ്ചപ്പാടിൽ, ചില ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ്സ്മാൻമാർ സി‌എസ്‌കെയെ ഒരു സർക്കാർ ജോലിയായി കരുതുന്നു, നിങ്ങൾ പ്രകടനം നടത്തിയാലും ഇല്ലെങ്കിലും അവർക്ക് ശമ്പളം എങ്ങനെയെങ്കിലും ലഭിക്കുമെന്ന് അവർക്കറിയാം, ”സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു

41 കാരനായ മുൻ ക്രിക്കറ്റ് താരം ബുധനാഴ്ച 12 പന്തിൽ നിന്ന് 7 റൺസ് മാത്രമാണ് നേടിയ ജാദവിനെ വിമർശിക്കുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് സീരീസായ ‘വിരു കി ബൈതക്’ ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, ജാദവിനെ ഹിന്ദിയിൽ ‘ഉപയോഗശൂന്യമായ അലങ്കാരം’ എന്ന് വിളിച്ച സെവാഗ്, കെ.കെ.ആറിനെതിരായ മത്സരത്തിൽ യഥാർത്ഥ ‘മാൻ ഓഫ് ദ മാച്ച്’ ജാദവ് ആണെന്നും പരിഹസിച്ചു.