Skip to content

ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ മത്സരത്തിൽ ബുംറ നേടി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഇതാദ്യമായാണ് ഒരു ഐ പി എൽ മത്സരത്തിൽ ബുംറ 4 വിക്കറ്റ് വീഴ്ത്തുന്നത്.

ഇതിനുമുൻപ് 2017 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മൂന്നോവറിൽ 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

മത്സരത്തിൽ 57 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസ് വിജയം നേടിയത്. ഈ സീസണിലെ മുംബൈയുടെ നാലാമത്തെ വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 18.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 44 പന്തിൽ 77 റൺസ് നേടിയ ജോസ് ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിരയിൽ തിളങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 47 പന്തിൽ 79 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 23 പന്തിൽ 35 റൺസും ഹാർദിക് പാണ്ഡ്യ 19 പന്തിൽ 30 റൺസും നേടി.