Skip to content

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റനും ഇന്ത്യൻ നായകനുമായ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായ കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ 39 പന്തിൽ 43 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.

വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ലാണ് കോഹ്ലിക്ക് മുൻപ് ഏറ്റവും വേഗത്തിൽ ടി20 ക്രിക്കറ്റിൽ 9000 റൺസ് നേടിയ ബാറ്റ്‌സ്മാൻ. വെറും 249 ഇന്നിങ്സിൽ നിന്നാണ് ഗെയ്ൽ നാഴികക്കല്ല് പിന്നിട്ടത്. വിരാട് കോഹ്ലിയാകട്ടെ 271 ഇന്നിങ്സിൽ നിന്നാണ് 9000 റൺസ് ടി20 ക്രിക്കറ്റിൽ നേടിയത്.

ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 9000 റൺസ് നേടിയവർ

  1. ക്രിസ് ഗെയ്ൽ – 249 ഇന്നിങ്‌സ്
  2. വിരാട് കോഹ്ലി – 271 ഇന്നിങ്‌സ്
  3. ഡേവിഡ് വാർണർ – 273 ഇന്നിങ്സ്
  4. ആരോൺ ഫിഞ്ച് – 281 ഇന്നിങ്സ്
  5. ബ്രണ്ടൻ മക്കല്ലം – 325 ഇന്നിങ്‌സ്
  6. ഷൊഹൈബ്‌ മാലിക്ക് – 335 ഇന്നിങ്‌സ്
  7. കീറോൺ പൊള്ളാർഡ് – 414 ഇന്നിങ്‌സ്

മത്സരത്തിൽ 59 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.ഡൽഹി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ.