Skip to content

ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

ഐ പി എൽ 2020 ൽ മങ്കാദിങിൽ ബാറ്റ്‌സ്മാന്മാർക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുൻപേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ നോൺ സ്‌ട്രൈക്കർ ബാറ്റ്‌സ്മാൻ ആരോൺ ഫിഞ്ചിന് അശ്വിൻ മങ്കാദിങ് മുന്നറിയിപ്പ് നൽകിയിരുന്നു.

മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്ന് അശ്വിൻ വ്യക്തമാക്കിയത്.

” ഞാൻ തുറന്നുപറയട്ടെ 2020 ലേക്കുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണിത്. ഇത് ഔദ്യോഗികമാണ് പിന്നീടെന്നെ കുറ്റപ്പെടുത്തരുത്. എന്തുതന്നെയായാലും ഞാനും പോണ്ടിങും ഫിഞ്ചും നല്ല സുഹൃത്തുക്കളാണ് ” ട്വിറ്ററിൽ അശ്വിൻ കുറിച്ചു.

https://twitter.com/ashwinravi99/status/1313199583959289856?s=19

നേരത്തെ കഴിഞ്ഞ സീസണിൽ പഞ്ചാബിന് വേണ്ടി കളിക്കവെ ക്രീസ് വിട്ട് മുൻപോട്ട് പോയ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലറെ അശ്വിൻ പുറത്താക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇക്കുറി ഡൽഹി ക്യാപിറ്റൽസിലെത്തിയ അശ്വിനെ മങ്കാദിങ് ചെയ്യുവാൻ അനുവദിക്കുകയില്ലെന്ന് കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു.

പുറത്താക്കാൻ അവസരം കൈവന്നിട്ടും ഇക്കുറി കോച്ചിനെ അനുസരിച്ചിരിക്കുകയാണ് അശ്വിൻ എന്നാൽ ഇനിയും ഈ ദയ ബാറ്റ്‌സ്മാന്മാർ പ്രതീക്ഷിക്കേണ്ടയെന്ന് തന്നെയാണ് അശ്വിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്.

മത്സരത്തിൽ 59 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

ഡൽഹി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ.