Skip to content

മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ്, ഐ പി എൽ പോയിന്റ് ടേബിളിൽ ഒന്നാമത്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ 59 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ ഐ പി എൽ 2020 പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തെത്തി.

സീസണിലെ നാലാം വിജയമാണ് ശ്രേയസ് അയ്യരും കൂട്ടരും ബാംഗ്ലൂരിനെതിരെ നേടിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തോടെ നെറ്റ് റൺ റേറ്റിന്റെ അടിസ്‌ഥാനത്തിലായിരുന്നു നേരത്തെ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്.

മത്സരത്തിൽ ഡൽഹി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയും നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലുമാണ് ബാംഗ്ലൂരിനെ തകർത്തത്. ആൻറിച് നോർട്ജെ നാലോവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 26 പന്തിൽ 53 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് മികച്ച സ്കോറിൽ എത്തിച്ചത്. 23 പന്തിൽ 42 റൺസ് നേടിയ പൃഥ്വി ഷായും 25 പന്തിൽ 37 റൺസ് നേടിയ റിഷാബ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു.