Skip to content

കൊൽക്കത്ത ടീമിൽ മാറ്റേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ.

രാഹുൽ ട്രിപാതിയെ ടോപ്പ് ഓർഡറിൽ ഇറക്കണമെന്നും സുനിൽ നരെയ്നെ ഓപ്പണർ സ്ഥാനത്തുനിന്നും മാറ്റണമെന്നും ക്യാപ്റ്റൻ ദിനേശ് കാർത്തിക് ഓയിൻ മോർഗനും ആന്ദ്രെ റസ്സലിനും മുൻപേ ബാറ്റിനിറങ്ങരുതെന്നും മോർഗൻ നാലാമനായാണ് ഇറങ്ങുന്നതെന്നും അഞ്ചാമനായി റസ്സലും ആറാമനായി ദിനേശ് കാർത്തിക്കും ഇറങ്ങണമെന്നും espncricinfo യിൽ ഗംഭീർ വ്യക്തമാക്കി.


ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 19 ആം ഓവർ സ്പിന്നറായ വരുൺ ചക്രവർത്തിയ്ക്ക് നൽകിയ തീരുമാനത്തെ ഗംഭീർ രൂക്ഷമായി വിമർശിച്ചു.

അവസാന ഓവറുകൾ നൽകേണ്ടത് ടീമിലെ മികച്ച ബൗളർമാർക്കാണെന്നും എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ലയെന്നും വരുൺ ചക്രവർത്തി നന്നായി ബൗൾ ചെയ്‌തെങ്കിലും ഷാർജ പോലൊരു സ്റ്റേഡിയത്തിൽ യുവ സ്പിന്നർക്ക് 19 ആം ഓവർ നൽകിയത് തെറ്റായ തീരുമാനമായെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ 18 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. ഡൽഹി ഉയർത്തിയ 229 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടാനെ സാധിച്ചുള്ളൂ.

25 പന്തിൽ 58 റൺസ് നേടിയ നിതീഷ് റാണയും 18 പന്തിൽ 44 റൺസ് നേടിയ ഓയിൻ മോർഗനും 16 പന്തിൽ 36 റൺസ് നേടിയ രാഹുൽ ട്രിപാതിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 38 പന്തിൽ 88 റൺസ് നേടിയ ശ്രേയസ് അയ്യരും 41 പന്തിൽ 66 റൺസ് നേടിയ പൃഥ്വി ഷായുമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്. റിഷാബ് പന്ത് 17 പന്തിൽ 38 റൺസ് നേടി.