Skip to content

ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

ഡൽഹി ക്യാപിറ്റൽസിനെതിരായ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മലയാളി താരം എസ് ശ്രീശാന്ത്. കൊൽക്കത്തയെ നയിക്കാൻ യോഗ്യൻ ദിനേശ് കാർത്തിക് അല്ലെന്നും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ടീമിനെ നയിക്കേണ്ടതെന്നും ട്വിറ്ററിൽ ശ്രീശാന്ത് കുറിച്ചു.

” ഓയിൻ മോർഗനാണ് ഈ ടീമിനെ നയിക്കേണ്ടതെന്ന് എനിക്ക് തോന്നുന്നു. ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻ തന്നെ ഐ പി എൽ ടീമിനെ നയിക്കണം. രോഹിതിനെയും വിരാടിനെയും ധോണിയെയും പോലെ മുന്നിൽ നിന്ന് നായിക്കുന്ന ക്യാപ്റ്റനെയാണ് അവർക്ക് വേണ്ടത്. ” ശ്രീശാന്ത് പറഞ്ഞു.

സീസണിൽ ഇതുവരെയും ഫോമിലെത്താൻ ദിനേശ് കാർത്തിക്കിന് സാധിച്ചിട്ടില്ല. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 8 പന്തിൽ 6 റൺ നേടിയാണ് കാർത്തിക് പുറത്തായത്. രാജസ്ഥാനെതിരായ മത്സരത്തിൽ ഒരു റൺ നേടിയ ദിനേശ് കാർത്തിക് സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്.

ഷാർജയിൽ ഡൽഹിയ്ക്കെതിരായ 18 റൺസിനാണ് കൊൽക്കത്ത പരാജയപെട്ടത്. ഡൽഹി ഉയർത്തിയ 229 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടാനെ സാധിച്ചിള്ളൂ.

25 പന്തിൽ 58 റൺസ് നേടിയ നിതീഷ് റാണയും 18 പന്തിൽ 44 റൺസ് നേടിയ ഓയിൻ മോർഗനും 16 പന്തിൽ 36 റൺസ് നേടിയ രാഹുൽ ട്രിപാതിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

38 പന്തിൽ 88 റൺസ് നേടിയ ശ്രേയസ് അയ്യരും 41 പന്തിൽ 66 റൺസ് നേടിയ പൃഥ്വി ഷായുമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്. റിഷാബ് പന്ത് 17 പന്തിൽ 38 റൺസ് നേടി.