Skip to content

അന്ന് വോണിന്റെ കീഴിൽ ഇന്ന് സ്മിത്തിന്റെ കീഴിൽ, സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് രാജസ്ഥാൻ റോയൽസ്

ഐ പി എല്ലിലെ ഏറ്റവും വലിയ വിജയകരമായ റൺ ചേസെന്ന തങ്ങളുടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് രാജസ്ഥാൻ റോയൽസ്. ഷാർജയിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ നാല് വിക്കറ്റിന്റെ വിജയത്തോടെയാണ് 12 വർഷം നീണ്ട റെക്കോർഡ് തങ്ങളുടെ സ്വന്തം റെക്കോർഡ് രാജസ്ഥാൻ റോയൽസ് തിരുത്തിയത്.

224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 19.3 ഓവറിൽ മറികടന്നാണ് പഞ്ചാബിനെതിരെ രാജസ്ഥാൻ വിജയം നേടിയത്. 2008 ഐ പി എല്ലിൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 53 പന്തിൽ 117 റൺസ് നേടിയ ആൻഡ്രൂ സൈമണ്ട്സിന്റെ മികവിൽഡെക്കാൻ ചാർജേഴ്‌സ് ഉയർത്തിയ 215 വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 19.5 ഓവറിൽ മറികടന്നാണ് ഈ റെക്കോർഡ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നത്.

45 പന്തിൽ 71 റൺസ് നേടിയ ഗ്രെയിം സ്മിത്തും 28 പന്തിൽ 61 റൺസ് നേടിയ യൂസഫ് പത്താനുമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയത്. അന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണായിരുന്നു രാജസ്ഥാൻ റോയൽസ് നായകൻ ഇന്നാകട്ടെ മറ്റൊരു ഓസ്‌ട്രേലിയക്കാരൻ സ്റ്റീവ് സ്മിത്താണ് റോയൽസിന്റെ നായകൻ.

42 പന്തിൽ 85 റൺസ് നേടിയ സഞ്ജു സാംസൺ, 31 പന്തിൽ 53 റൺസ് നേടിയ രാഹുൽ തിവാട്ടിയ, 27 പന്തിൽ 50 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ റോയൽസ് മറികടന്നത്.

50 പന്തിൽ 106 റൺസ് നേടിയ മായങ്ക് അഗർവാൾ, 54 പന്തിൽ 69 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവരാണ് പഞ്ചാബിന് വേണ്ടി തിളങ്ങിയത്.