Skip to content

ഏഴാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി എം എസ് ധോണി

ദീർഘക്കാലം ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നത് മൂലമാണ് ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാതിരുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി.

മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും ഏഴാമനായാണ് എം എസ് ധോണി ബാറ്റിങിനിറങ്ങിയത്. ആദ്യ മത്സരത്തിൽ റണ്ണൊന്നും നേടാതിരുന്ന ധോണി റോയൽസിനെതിരായ മത്സരത്തിൽ 17 പന്തിൽ 29 റൺസ് നേടി.

” ദീർഘ കാലമായി ഞാൻ ബാറ്റ് ചെയ്തിട്ടില്ല. 14 ദിവസത്തെ ക്വാറന്റൈനാകട്ടെ അതിന് അനുവദിച്ചുമില്ല. കൂടാതെ കൂടുതൽ കാര്യങ്ങൾ പരീക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സാം കറണ് കൂടുതൽ അവസരങ്ങൾ നൽകുകയും ഒപ്പം കൂടുതൽ കാര്യങ്ങൾ പരീക്ഷിക്കാൻ അവസരം നൽകുകയും, അത് വിജയിച്ചില്ലെങ്കിൽ കൂടുതൽ നമ്മുടെ ശക്തിയെന്തോന്നോ അതിലേക്ക് തിരികെ വരികയും ചെയ്യാം, ” ധോണി പറഞ്ഞു.

രാജസ്ഥാൻ റോയൽസിന് സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും നന്നായി ബാറ്റ് ചെയ്തുവെന്നും വിജയത്തിന്റെ ക്രെഡിറ്റ് അവരുടെ ബൗളർമാർക്ക് കൂടെ നൽകണമെന്നും മത്സരശേഷം എം എസ് ധോണി കൂട്ടിച്ചേർത്തു.

മത്സരത്തിൽ 16 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിജയം. റോയൽസ് ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 200 റൺസ് നേടാനെ സാധിച്ചുള്ളൂ.

റോയൽസിന് വേണ്ടി സഞ്ജു സാംസൺ 32 പന്തിൽ 74 റൺസും സ്റ്റീവ് സ്മിത്ത് 47 പന്തിൽ 69 റൺസും ജോഫ്രാ ആർച്ചർ 8 പന്തിൽ 27 റൺസും നേടി.