Skip to content

സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 16 റൺസിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 217 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 200 റൺസ് നേടാനെ സാധിച്ചുള്ളൂ.

37 പന്തിൽ 72 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ എം എസ് ധോണി 17 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു.

രാജസ്ഥാൻ റോയൽസിന് വേണ്ടി രാഹുൽ ടിവാതിയ മൂന്ന് വിക്കറ്റും ജോഫ്രാ ആർച്ചർ, ശ്രേയസ് ഗോപാൽ, ടോം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 32 പന്തിൽ 74 റൺസ് നേടിയ സഞ്ജു സാംസന്റെയും 47 പന്തിൽ 69 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 8 പന്തിൽ 27 റൺസ് നേടിയ ജോഫ്രാ ആർച്ചറുടെയും മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.

നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറൺ മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്.