Skip to content

ക്രിസ് ഗെയ്ലിന് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. 30 പന്തുകളിൽ നിന്നും 51 റൺസ് നേടിയ ഡിവില്ലിയേഴ്സ് 2 സിക്സും മത്സരത്തിൽ നേടിയിരുന്നു. ഇതോടെ ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് നേടിയ സിക്സുകളുടെ എണ്ണം 201 ആയി.

ഐ പി എല്ലിൽ ഒരു ടീമിനായി 200 സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഡിവില്ലിയേഴ്സ് സ്വന്തമാക്കി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിതന്നെ 239 സിക്സ് നേടിയ മുൻ താരം ക്രിസ് ഗെയ്ലാണ് ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കിയ ബാറ്റ്‌സ്മാൻ.

മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് കോഹ്ലിപ്പട സ്വന്തമാക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 153 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

30 പന്തിൽ 51 റൺസ് നേടിയ ഡിവില്ലിയേഴ്സിനെ കൂടാതെ 42 പന്തിൽ 56 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ദേവ്ദുത്ത് പടിക്കലും 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹാലും ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.