Skip to content

കോഹ്ലി പടയ്ക്ക് വിജയതുടക്കം, ഹൈദരാബാദിനെ പരാജയപെടുത്തിയത് 10 റൺസിന്

ഐ പി എൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയതുടക്കം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനായിരുന്നു കോഹ്ലിപടയുടെ വിജയം.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 19.4 ഓവറിൽ 153 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹാലാണ് സൺറൈസേഴ്‌സിനെ തകർത്തത്. നവ്ദീപ് സെയ്നി, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഡെയ്ൽ സ്റ്റെയ്ൻ ഒരു വിക്കറ്റും നേടി.

43 പന്തിൽ 61 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 33 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ഡെയും മാത്രമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 42 പന്തിൽ 56 റൺസ് നേടിയ ദേവ്ദത്ത് പടിക്കലും 30 പന്തിൽ 51 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ആരോൺ ഫിഞ്ച് 29 ഉം ക്യാപ്റ്റൻ വിരാട് കോഹ്ലി 14 റൺസും നേടി പുറത്തായി.

വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മറികടന്ന് ബാംഗ്ലൂർ ഒന്നാമതെത്തി.