Skip to content

അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. 21 പന്തിൽ 53 റൺസ് നേടിയ സ്റ്റോയിനിസ് മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.

20 പന്തിൽ നിന്നും അർധസെഞ്ചുറി പൂർത്തിയാക്കിയ സ്റ്റോയിനിസ് അവസാന മൂന്നോവറിൽ പഞ്ചാബിനെതിരെ 49 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഇതോടെ ഐ പി എൽ ചരിത്രത്തിൽ അവസാന മൂന്ന് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്റ്റോയിനിസ് സ്വന്തമാക്കി.

2016 ൽ ഗുജറാത്ത് ലയൺസിനെതിരെ അവസാന മൂന്ന് ഓവറിൽ 57 റൺസ് നേടിയ ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയും കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാന മൂന്ന് ഓവറിൽ 50 റൺസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ആന്ദ്രേ റസ്സലുമാണ് ഈ റെക്കോർഡിൽ സ്റ്റോയിനിസിന് മുൻപിലുള്ളത്.

പഞ്ചാബിനെതിരെ സൂപ്പറോവർ പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. സെപ്റ്റംബർ 25 ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.