Skip to content

അവസാന ഓവറിൽ വഴങ്ങിയത് 30 റൺസ്, നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ജോർദാൻ

ഐ പി എല്ലിൽ 20 ആം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോർഡ് സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇംഗ്ലീഷ് ബൗളർ ക്രിസ് ജോർദാൻ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ 30 റൺസാണ് ജോർദാൻ വഴങ്ങിയത്.

ഇതിനുമുൻപ് 2017 ൽ മുംബൈ ഇന്ത്യൻസിനെതിരെ അശോക് ഡിൻഡ എറിഞ്ഞ 20 ആം ഓവറിൽ 30 റൺസ് പിറന്നിരുന്നുവെങ്കിലും ഓവറിലെ അവസാന റൺ ബൈ റണ്ണായിരുന്നു.

അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ സൂപ്പറോവറിലാണ് പഞ്ചാബിനെ ഡൽഹി ക്യാപിറ്റൽസ് പരാജയപെടുത്തിയത്.

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 21 പന്തിൽ 53 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 157 റൺസ് നേടിയത്. 158 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിറങ്ങി 55 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടപെട്ട പഞ്ചാബിനെ 60 പന്തിൽ 89 റൺസ് നേടിയ മായങ്ക് അഗർവാളാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

സ്കോർ ഒപ്പത്തിനൊപ്പമെത്തിച്ചുവെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തിൽ അഗർവാളും അവസാന പന്തിൽ ജോർദാനും പുറത്തായതോടെ മത്സരം സൂപ്പറോവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പറോവറിൽ 2 റൺ നേടാൻ മാത്രമാണ് പഞ്ചാബിന് സാധിച്ചത്. ഡൽഹിയാകട്ടെ രണ്ടാം പന്തിൽ തന്നെ വിജയം നേടുകയും ചെയ്തു.