CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സെഞ്ചുറിയുമായി മാക്‌സ്‌വെല്ലും കാരിയും, ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കംഗാരു പട

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു.

സെഞ്ചുറി നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് ഓസ്‌ട്രേലിയക്ക് ആവേശ വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 73 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഓസ്‌ട്രേലിയ മത്സരത്തിൽ തിരിച്ചെത്തിയത്. ആറാം വിക്കറ്റിൽ മാക്‌സ്‌വെല്ലും കാരിയും 212 റൺസ് കൂട്ടിച്ചേർത്തു.

( Picture : Twitter )

90 പന്തിൽ നാല് ഫോറും ഏഴ് സിക്സുമടക്കം 108 റൺസ് മാക്‌സ്‌വെൽ നേടിയപ്പോൾ വിക്കറ്റ് കീപ്പർ അലക്‌സ് കാരി 114 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 106 റൺസ് നേടി.

( Picture : Twitter )

അലക്‌സ് കാരിയുടെ ആദ്യ ഏകദിന സെഞ്ചുറിയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ രണ്ടാം ഏകദിന സെഞ്ചുറിയുമാണിത്.

( Picture : Twitter )

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ജോ റൂട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 126 പന്തിൽ 112 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് മികച്ച സ്കോറിൽ എത്തിച്ചത്. ബില്ലിങ്‌സ് 58 പന്തിൽ 57 റൺസും ക്രിസ് വോക്‌സ് 39 പന്തിൽ 53 റൺസും നേടി. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും ആഡം സാംപയുമാണ് ഓസ്‌ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.

( Picture : Twitter )

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ഗ്ലെൻ മാക്‌സ്‌വെല്ലാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും.