Skip to content

‘ അവൻ എന്റെ ചെറുപ്പകാലം ഓർമിപ്പിക്കുന്നു ‘; തന്റെ സമാനമായ കളി ശൈലിയിലുള്ള ആർ‌സി‌ബിയിലെ യുവ താരത്തെ കുറിച്ച് ഡിവില്ലിയേഴ്സ്

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 പതിപ്പ് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ എബി ഡിവില്ലിയേഴ്‌സ് വളരെക്കാലത്തിനുശേഷം കളിക്കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നതും, വിരാട് കോഹ്‌ലിക്കൊപ്പം വാം അപ്പ് ചെയ്യുന്ന വീഡിയോകളും ടീമിന്റെ ഔദ്യോഗിക പേജിൽ പങ്കു വെച്ചിരുന്നു.

കഴിഞ്ഞ ഏതാനും സീസണുകളെ അപേക്ഷിച്ച് മികച്ച സന്തുലിതമായ ടീമാണ് ബാംഗ്ലൂരിനുള്ളത്, ഓസ്‌ട്രേലിയൻ നായകൻ ഫിഞ്ചും ടീമിൽ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

ഐ‌പി‌എൽ 2020 ന് മുന്നോടിയായി, 36 കാരനായ ഡിവില്ലിയേഴ്സ് അദ്ദേഹത്തെപ്പോലെ കളി ശൈലിയുള്ള യുവതാരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ ആർ‌സി‌ബി സ്വന്തമാക്കിയ ഓസീസ് കളിക്കാരൻ ജോഷ് ഫിലിപ്പിനെയാണ് ഡിവില്ലിയേഴ്സ് പ്രശംസിച്ചത്.

” ഈ പതിപ്പിൽ‌ ഞങ്ങൾ‌ വളരെ ആവേശത്തിലാണ്, ഞങ്ങൾ‌ക്ക് ഫിഞ്ച്, മൊയ്‌ൻ‌ അലി, ആദം സാംപ, ജോഷ് ഫിലിപ്പ് എന്നിവരുണ്ടാകും. ഞാൻ ചെറുപ്പത്തിൽ കളിച്ചിരുന്ന അതേ രീതിയിലാണ് ജോഷ് ഫിലിപ്പ് കളിക്കുന്നതും, കളി ശൈലിയിൽ വളരെയധികം സാമ്യതകൾ ഞാൻ കാണുന്നു. ഞങ്ങളോടൊപ്പം ചേരുന്ന നാലുപേരും ഞങ്ങളുടെ സാഹചര്യത്തിൽ നന്നായി ചേരും. ”

” ഞാൻ ജോഷിനെക്കുറിച്ച് ആവേശത്തിലാണ്, സിഡ്നി സിക്സേഴ്സിനായി അദ്ദേഹം കളിക്കുന്നത് ഞാൻ കണ്ടു, അവൻ പുതിയ പന്ത് കളിക്കുന്ന രീതിയും, അവൻ വളരെ കഴിവുള്ള കളിക്കാരനാണ്, ഗിൽ‌ക്രിസ്റ്റ് അദ്ദേഹത്തെക്കുറിച്ച് ചില നല്ല കാര്യങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ” ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇതിനകം തന്നെ വില്ലിയേഴ്സ്, ഫിഞ്ച്, ക്രിസ് മോറിസ്, ഡേൽ സ്റ്റെയ്ൻ, മൊയിൻ അലി, ആദം സാംപ തുടങ്ങിയ വിദേശ താരങ്ങളായ ആർ‌സി‌ബിയുടെ പ്ലേയിംഗ് ഇലവനിൽ ഫിലിപ്പ് ഇടം പിടിക്കുമോ എന്നത് രസകരമായിരിക്കും. ആർ‌സി‌ബി അവരുടെ ഐ‌പി‌എൽ 13 ലെ ആദ്യ മത്സരം സെപ്റ്റംബർ 21 ന് ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ്.