Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് ഓയിൻ മോർഗന് സ്വന്തം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന രണ്ടാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 100 വിജയങ്ങൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 വിജയങ്ങൾ ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനാണ് ഓയിൻ മോർഗൻ.

ടെസ്റ്റിൽ ക്യാപ്റ്റനാവുന്നതിനും മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന അപൂർവ്വ റെക്കോർഡ് ഇതോടെ ഓയിൻ മോർഗൻ സ്വന്തമാക്കി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ 100 വിജയം നേടുന്ന ഏഴാമത്തെ ക്യാപ്റ്റൻ കൂടിയാണ് മോർഗൻ.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ 100+ വിജയം നേടിയ ക്യാപ്റ്റന്മാർ

  1. റിക്കി പോണ്ടിങ് – 172
  2. എം എസ് ധോണി – 151
  3. ഗ്രെയിം സ്മിത്ത് – 110
  4. അലൻ ബോർഡർ – 107
  5. മേഗ് ലാന്നിങ് – 102
  6. സ്റ്റീഫൻ ഫ്ലെമിങ് – 100
  7. ഓയിൻ മോർഗൻ – 100

അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 48.4 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഒരു ഘട്ടത്തിൽ 144 റൺസിന് 2 വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്നാണ് ഓസ്‌ട്രേലിയ തകർന്നടിഞ്ഞത്.

73 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 48 റൺസ് നേടിയ മാർനസ് ലാബുഷെയ്നും മാത്രമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ജോഫ്രാ ആർച്ചർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.