Skip to content

ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. തലയിൽ പന്ത് കൊണ്ടതിനെ തുടർന്ന് ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ടാം മത്സരത്തിൽ കളിക്കാനാകും. രണ്ടാം കൺകഷൻ ടെസ്റ്റിലും പാസായതിനെ തുടർന്നാണ് രണ്ടാം ഏകദിനത്തിൽ കളിക്കാൻ സ്റ്റീവ് സ്മിത്തിനെ അനുവദിച്ചത്. നേരത്തെ ആദ്യ ടെസ്റ്റിൽ പാസായിരുന്നുവെങ്കിലും മുൻകരുതലായി താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

മാർക്കസ് സ്റ്റോയിനിസ് ആയിരുന്നു സ്റ്റീവ് സ്മിത്തിന് പകരം ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തത്.

പര്യടനത്തിൽ ഇതുവരെയും ഫോം കണ്ടെത്താൻ സ്റ്റീവ് സ്മിത്തിന് സാധിച്ചിട്ടില്ല. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ 18 (11), 10 (7), 3 (4) എന്നിങ്ങനെയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രകടനം.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 19 റൺസിന്റെ വിജയം നേടി നിലവിൽ 1-0 ന് മുൻപിലാണ് ഓസ്‌ട്രേലിയ. 13 നും 16 നുമാണ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നടക്കുന്നത്.

എന്നാൽ സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുമ്പോൾ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിന് അടുത്ത മത്സരം നഷ്ട്ടമാകുമോയെന്ന ആശങ്കയിലാണ് ഓസ്‌ട്രേലിയൻ ക്യാമ്പ്. ആദ്യ മത്സരത്തിൽ ഫീൽഡിൽ തെന്നിവീണ് സ്റ്റാർക്കിന് പരിക്കേറ്റിരുന്നു.