Skip to content

ഹാരി ഗർണിയ്ക്ക് പകരക്കാരനായി അമേരിക്കൻ ബൗളർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഹാരി ഗർണിയ്ക്ക് പകരക്കാരനായി അമേരിക്കൻ ഫാസ്റ്റ് ബൗളർ അലി ഖാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്. ഐ പി എല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ അമേരിക്കൻ ക്രിക്കറ്ററാണ് അലി ഖാൻ.

ഷോൾഡറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനെ തുടർന്നാണ് ഹാരി ഗർണി ഐ പി എല്ലിൽ നിന്നും ടി20 ബ്ലാസ്റ്റിൽ നിന്നും പിന്മാറിയത്.

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനം അലി ഖാൻ കാഴ്ച്ചവെച്ചിട്ടുണ്ട്. ഈ സീസണിൽ 8 മത്സരത്തിൽ എട്ട് വിക്കറ്റുകൾ അലി ഖാൻ നേടിയിരുന്നു.

ഗ്ലോബൽ ടി20 കാനഡയിലെ മികച്ച പ്രകടനത്തിന് പുറകെ അന്നത്തെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായിരുന്ന ഡ്വെയ്ൻ ബ്രാവോയാണ് അലി ഖാനെ കരീബിയൻ പ്രീമിയർ ലീഗിലെത്തിച്ചത്. ആദ്യ സീസണിൽ തന്നെ 12 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുവാനും അലി ഖാന് സാധിച്ചു. അതിന് ശേഷം ബംഗ്ലാദേശ് പ്രീമിയർ ലീഗിലും പാകിസ്ഥാൻ സൂപ്പർ ലീഗിലും അലി ഖാൻ സാന്നിധ്യമറിയിച്ചിരുന്നു.

അലി ഖാന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ടോം ബാന്റൺ, ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, ഓസ്‌ട്രേലിയൻ താരങ്ങളായ ക്രിസ് ഗ്രീൻ, പാറ്റ് കമ്മിൻസ്, ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗൂസൺ എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിദേശ താരങ്ങൾ.

സെപ്റ്റംബർ 23 ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം.