Skip to content

ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇംഗ്ലണ്ട് ബൗളറെന്ന നേട്ടം ഇനി ആദിൽ റഷീദിന് സ്വന്തം. മാഞ്ചസ്റ്ററിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാർനസ് ലാബുഷെയ്നെയും അലക്‌സ് കാരിയെയും പുറത്താക്കിയാണ് ജെയിംസ് ആൻഡേഴ്സന്റെ പേരിലായിരുന്ന റെക്കോർഡ് ആദിൽ റഷീദ് തിരുത്തികുറിച്ചത്.

ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇംഗ്ലണ്ട് ബൗളർമാർ

  1. ആദിൽ റഷീദ് – 40
  2. ജെയിംസ് ആൻഡേഴ്സൺ – 38
  3. ഇയാൻ ബോതം – 35
  4. ഡാരൻ ഗോ – 31
  5. മൊയീൻ അലി – 28
  6. സ്റ്റുവർട്ട് ബ്രോഡ് – 28

മത്സരത്തിൽ 19 റൺസിന്റെ തകർപ്പൻ വിജയമാണ് സന്ദർശകരായ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 295 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 275 റൺസ് നേടാനെ സാധിച്ചുള്ളൂ.

110 പന്തിൽ 118 റൺസ് നേടിയ സാം ബില്ലിങ്സും 107 പന്തിൽ 84 റൺസ് നേടിയ ജോണി ബെയർസ്റ്റോയും മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് പത്തോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആഡം സാംപ 55 റൺസ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 59 പന്തിൽ 77 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും 100 പന്തിൽ 73 റൺസ് നേടിയ മിച്ചൽ മാർഷുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.