Skip to content

ബില്ലിങ്സിന്റെ സെഞ്ചുറി പാഴായി, ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 19 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 295 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 275 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഇംഗ്ലണ്ടിന് വേണ്ടി 110 പന്തിൽ 118 റൺസ് നേടിയ സാം ബില്ലിങ്സും 107 പന്തിൽ 84 റൺസ് നേടിയ ജോണി ബെയർസ്റ്റോയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഒരു ഘട്ടത്തിൽ 57 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ട്ടപെട്ടിരുന്നു.

പത്തോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജോഷ് ഹേസൽവുഡും, പത്തോവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആഡം സാംപയുമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ തകർത്തത്. പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും പത്തോവറിൽ 47 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സ്റ്റാർക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 59 പന്തിൽ 77 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും 100 പന്തിൽ 73 റൺസ് നേടിയ മിച്ചൽ മാർഷുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

ഇംഗ്ലണ്ടിന് ജോഫ്രാ ആർച്ചർ, മാർക്ക് വുഡ് എന്നിവർ മൂന്നും ആദിൽ റഷീദ് ഒരു വിക്കറ്റും നേടി.

ജോഷ് ഹേസൽവുഡാണ് പ്ലേയർ ഓഫ് ദി മാച്ച്, വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1- 0 ന് മുൻപിലെത്തി. സെപ്റ്റംബർ 13 നാണ് പരമ്പരയിലെ അടുത്ത മത്സരം.