Skip to content

ഐ പി എൽ 2020, അവസാന സ്ഥാനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ അവസാന സ്ഥനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യൻ താരം കെ എൽ രാഹുൽ നയിക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബായിരിക്കും ഇക്കുറി ഐ പി എല്ലിലെ അവസാന സ്ഥാനക്കാരാവുകയെന്ന് യൂട്യൂബ് ചാനലിൽ ഹോഗ് പറഞ്ഞു.

അഫ്ഗാൻ സ്പിന്നർ മുജീബ്‌ റഹ്മാനെയും ഇംഗ്ലണ്ട് ബൗളർ ക്രിസ് ജോർദാനെയും ഒഴിച്ചുനിർത്തിയാൽ പഞ്ചാബിന്റെ വിദേശ താരങ്ങൾ എല്ലാവരും മാച്ച് വിന്നർമാരാണെന്നും എന്നാൽ അവരാരും തന്നെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുന്നവരല്ലെന്നും വിദേശ താരങ്ങളിൽ നിന്നും വേണ്ടത് സ്ഥിരതയാർന്ന പ്രകടനമാണെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ, ക്രിസ് ഗെയ്ൽ, ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജിമ്മി നീഷം, ഹർഡസ് വിൽജോവൻ, ഷെൽഡൺ കോട്രൽ, നിക്കോളാസ് പൂറൻ എന്നിവരാണ് മുജീബ് റഹ്മാനും ക്രിസ് ജോർദനും പുറമെ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലെ വിദേശ താരങ്ങൾ.

കഴിഞ്ഞ സീസണിൽ ആറാം സ്ഥാനക്കാരായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

ഇക്കുറി കെ എൽ രാഹുലിന്റെ കീഴിലിറങ്ങുന്ന കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ആദ്യ മത്സരം സെപ്റ്റംബർ 20 ന് ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്.