Skip to content

ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

” മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഐ പി എൽ ചരിത്രം പരിശോധിച്ചാൽ ചെന്നൈയ്ക്ക് അവരുടെ മാന്ത്രികത പുറത്തെടുക്കാൻ സാധിക്കാതിരുന്നത് മുംബൈ ഇന്ത്യൻസിനെതിരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ അവർ പരാജയപെടാനുള്ള പ്രവണത കാണിക്കുന്നു ” ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ ഐ പി എൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ഒരു റണ്ണിന് പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ നാലാം കിരീടം നേടിയത്.

ഐ പി എല്ലിൽ 28 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 17 തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു. 11 മത്സരങ്ങളിലാണ് ചെന്നൈയ്ക്ക് വിജയിക്കുവാൻ സാധിച്ചത്. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ അവസാന 10 മത്സരങ്ങളിലാകട്ടെ 2 മത്സരത്തിൽ മാത്രമാണ് സി എസ് കെ യ്ക്ക് വിജയിക്കുവാൻ സാധിച്ചത്.

മുംബൈ ഇന്ത്യൻസിനെ കൂടാതെ യു എ ഇ യിലെ ചൂടുള്ള കാലാവസ്ഥയും ചെന്നൈ സൂപ്പർ കിങ്‌സിന് വെല്ലുവിളിയാകുമെന്നും ചുരുങ്ങിയ മാച്ച് വിന്നർമാർ മാത്രമാണ് ടീമിൽ ഉള്ളതെന്നും അതിനാൽ ആദ്യ ഇലവനിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുവാൻ ചെന്നൈയ്ക്ക് സാധിക്കുകയില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.